നിയമസഭാ കയ്യാങ്കളി കേസിലെ വിടുതല്‍ ഹര്‍ജി തള്ളി; മന്ത്രി വി.ശിവന്‍കുട്ടിയടക്കം ആറുപ്രതികളും വിചാരണ നേരിടണം

നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറുപ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 22ന് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. ആറുപ്രതികളും വിചാരണ നേരിടണം. assembly ruckus case
മന്ത്രി വി ശിവന്‍കുട്ടിക്കുപുറമേ മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ എ.കെ അജിത്, സികെ സദാശിവന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.
വിടുതല്‍ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
20 പേര്‍ സ്പീക്കറുടെ ഡയസില്‍ കയറിയപ്പോള്‍ ആറുപേര്‍ മാത്രം എങ്ങനെ പ്രതികളായെന്നായിരുന്നു മറുവാദം. സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്നായിരുന്നു ചോദ്യം ഉയര്‍ന്നത്. പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണെന്നും 21 മന്ത്രിമാര്‍ ഉള്‍പ്പടെ 140 ജനപ്രതിനിധികള്‍ ഉണ്ടായിട്ടും പൊലീസുകാരെയാണ് സാക്ഷികളാക്കിയത്. വാച്ച് ആന്റ് വാര്‍ഡിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തെന്നും പ്രതിഭാഗം വാദിച്ചു.
ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച് 13നായിരുന്നു കെ.എം മാണിയുടെ ബജറ്റ് അവതരണം. കെ.എം മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു. കെ.എം മാണി നിയമസഭയിലെത്തിയതോടെ അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കര്‍ ക്ഷണിക്കുന്നത് തടയാന്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കടന്നുകയറി.
Read Also : നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി
ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. ഇതിനിടയില്‍ കെ.എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Story Highlights : assembly ruckus case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here