Advertisement

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണ ജോര്‍ജ്

October 13, 2021
1 minute Read
onam restrictions-veena george

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിംഗ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരംഭത്തിൽ ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. കൊവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം.

കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുത്. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധന നടത്തണം. സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പും സ്‌കൂള്‍ പഠനത്തിനിടയ്ക്ക് എല്ലാവര്‍ഷവും കുട്ടികളുടെ കാഴ്ച പരിശോധന നടത്തുന്നത് നല്ലതാണ്. സ്വകാര്യ സ്‌കൂളുകളിലും കാഴ്ച പരിശോധന നടത്തേണ്ടതാണ്.

കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍, കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. കുട്ടികളുടെ കാഴ്ച്ചത്തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കുന്നു. എത്രയും വേഗം തന്നെ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top