ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി; ഒരാൾ മരിച്ചു

ചത്തിസ്ഗഢിലെ ജഷ്പൂരിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി ഒരാൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പത്തൽഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് നമ്പർ പ്ലേറ്റുള്ള ഒരു എസ്.യു.വിയാണ് ദുർഗ വിസാരചൻ ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയത്.
സംഭവത്തിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന് ശേഷം അടുത്തുള്ള സുഖ്രപാറയിലേക്കാണ് കാർ പോയത്. പ്രകോപിതരായ നാട്ടുകാർ വാഹനത്തിന് പിന്നാലെ ഓടി. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. 21-കാരനായ ബബ്ലു വിശ്വകർമ്മയും 26-കാരനായ ശിശുപാൽ സാഹുവുമാണ് പിടിയിലായത്.
സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here