പുനസംഘടനക്ക് പിന്നാലെ ഭിന്നത രൂക്ഷം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മരവിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍
മരവിപ്പിച്ചു. മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള കൗൺസിൽ അംഗങ്ങള്‍
പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ടി.പി.എം ജിഷാനെ മുനവ്വറലി ശിഹാബ് തങ്ങൾ ഇടപെട്ട് സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി.
പി കെ ഫിറോസ് വിഭാഗവും നജീബ് കാന്തപുരം വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ കാരണം ഭാരവാഹി പട്ടികയിൽ ചിലരെ ഒഴിവാക്കിയതും മറ്റു ചിലരെ കൂട്ടി ചേർത്തതുമാണ് യൂത്ത് ലീഗിലെ പുതിയ തർക്കം. സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട പി ജി മുഹമ്മദ്, വി വി മുഹമ്മദാലി, ആഷിഖ് ചെലവൂര്‍, അന്‍വര്‍സാദത്ത് എന്നിവര്‍ക്കൊപ്പം ടി പി അഷ്റഫലിയും, ടി ഡി കബീർ എന്നിവരെ ഉൾപ്പെടുത്തിയുണ്ടാക്കിയാണ് സെക്രട്ടറിയേറ്റ് രൂപീകരിച്ചത്. ഭാരവാഹിത്വത്തിലും,സെക്രട്ടറിയേറ്റിലും ഉള്‍പ്പെടാത്തതിനെത്തുടര്‍ന്ന് മലപ്പുറത്ത് നിന്നുള്ള ചില കൗൺസിൽ അംഗങ്ങള്‍ ഇതിൽ എതിര്‍പ്പുയര്‍ത്തി.
ജില്ലയില്‍ നിന്ന് ആരെയും പരിഗണിച്ചില്ലെന്ന് പറഞ്ഞ് എറണാകുളത്ത് നിന്നുള്ളവരും രംഗത്ത് വന്നു. ഇതോടെ റിട്ടേണിംഗ് ഓഫീസറായ പി എം എ സലാം സെക്രട്ടറിയേറ്റ് മരവിപ്പിച്ചു. നടപടിക്രമങ്ങളൾ പൂർത്തീകരിക്കാതെയാണ് തർക്കത്തെ തുടർന്ന് കൗൺസിൽ പിരിച്ചുവിട്ടത്. കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ ഭാരവാഹി പട്ടികയില്‍ ഉൾപ്പെടാത്ത ടി പി എം ജിഷാനെ സംസ്ഥാന സെക്രട്ടറിയാക്കിയതാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രശ്നം.
എതിര്‍പ്പറിയിച്ച് പി എം എ സലാമിന് ഇവർ രേഖാമൂലം പരാതിയും നല്‍കി. എന്നാൽ
പി കെ ഫിറോസും നജീബ് കാന്തപുരവും തമ്മിൽ സെക്രട്ടറി പദവി സംബന്ധിച്ച് തർക്കത്തെ തുടർന്നാണ് മുനവ്വറലി തങ്ങൾ ഇടപെട്ട് ജിഷാനെ സെക്രട്ടറിയായി പ്രഖ്യാപിക്കുന്നത്. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ആഷിഖ് ചെലവൂരിന് വേണ്ടി നജീബ് കാന്തപുരവും സാജിദ് നടുവണ്ണൂരിന് വേണ്ടി പി.കെ ഫിറോസും രംഗത്തെത്തിയിരുന്നു.