Advertisement

മുജീബ് റഹ്മാന് അഞ്ച് വിക്കറ്റ്; റാഷിദിനു നാല്: അഫ്ഗാനിസ്ഥാന് 130 റൺസ് ജയം

October 25, 2021
2 minutes Read
afghanistan won scotland t20

ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ ജയം. 130 റൺസിനാണ് അഫ്ഗാൻ സ്കോട്ട്‌ലൻഡിനെ തകർത്തത്. അഫ്ഗാൻ മുന്നോട്ടുവച്ച 191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ട്‌ലൻഡ് 10.2 ഓവറിൽ 60 റൺസിന് ഓൾഔട്ടായി. സ്കോട്ടിഷ് നിരയിൽ 5 പേർ പൂജ്യത്തിനു പുറത്തായപ്പോൾ ഇവർ ഉൾപ്പെടെ 7 പേർ ഒറ്റയക്കത്തിനും മടങ്ങി. 25 റൺസെടുത്ത ജോർജ് മുൺസിയാണ് സ്കോട്ട്‌ലൻഡിൻ്റെ ടോപ്പ് സ്കോറർ. മുൺസിയെ കൂടാതെ ക്രിസ് ഗ്രീവ്സ് (12), കെയിൽ കോട്സർ (10) എന്നിവർ മാത്രമാണ് ഇരട്ടയക്കം കടന്നത്. അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ 4 വിക്കറ്റ് വീഴ്ത്തി. (afghanistan won scotland t20)

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ട്ലൻഡിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. മുഹമ്മദ് നബിയുടെ ആദ്യ ഓവറിൽ തന്നെ 11 റൺസ് പിറന്നു. നാലാം ഓവറിൽ മുജീബിലൂടെ അഫ്ഗാനിസ്ഥാന് ബ്രേക്ക്‌ത്രൂ. കെയിൽ കോട്സർ (10) ക്ലീൻ ബൗൾഡ്. പിന്നെ അവിശ്വസനീയ തകർച്ചയായിരുന്നു. ആ ഓവറിൽ തന്നെ കല്ലം മക്ലിയോഡും (0) റിച്ചി ബെരിങ്ടണും (0) വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ മാത്യു ക്രോസിനെ (0) നവീനുൽ ഹഖ് മുഹമ്മദ് ഷഹ്‌സാദിൻ്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മുജീബ് നന്നായി ബാറ്റ് ചെയ്തിരുന്ന മുൺസിയെയും മടക്കി. മാർക്ക് വാറ്റിനെ ക്ലീൻ ബൗൾഡാക്കിയെ മുജീബ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു.

പിന്നീട് റാഷിദ് ഖാൻ്റെ ഊഴമായിരുന്നു. മൈക്കൽ ലീസ്ക് (0), ക്രിസ് ഗ്രെവ്സ് (12), ജോഷ് ഡേവി (4), ബ്രാഡ്ലി വീൽ (0) എന്നിവരെ പുറത്താക്കിയ റാഷിദ് സ്കോട്ടിഷ് തകർച്ച പൂർത്തിയാക്കി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ വിക്കറ്റ് 4 നഷ്ടപ്പെടുത്തിയാണ് 190 റൺസ് നേടിയത്. 59 റൺസെടുത്ത നജീബുള്ള സദ്രാൻ ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. റഹ്മാനുള്ള ഗുർബാസ് (46), ഹസ്റതുള്ള സസായ് (44) എന്നിവരും അഫ്ഗാനു വേണ്ടി തിളങ്ങി.

Story Highlights : afghanistan won scotland t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top