കളിക്കളത്തിലെ വാക്പോര്; ലിറ്റൺ ദാസിനും ലഹിരു കുമാരയ്ക്കുമെതിരെ നടപടി

മത്സരത്തിനിടെ കളിക്കളത്തിൽ വാക്പോര് നടത്തിയ ബംഗ്ലാദേശ് താരം ലിറ്റൺ ദാസിനും ശ്രീലങ്കൻ താരം ലഹിരു കുമാരയ്ക്കുമെതിരെ നടപടിയുമായി നടപടിയുമായി മാച്ച് റഫറി. ലഹിരു കുമാര മാച്ച് ഫീസിന്റെ 25 ശതമാനവും ലിറ്റൺ ദാസ് 15 ശതമാനവും പിഴ ഒടുക്കണം. ഇരുവർക്കും ഓരോ ഡീമെരിറ്റ് പോയിൻ്റ് വീതം ലഭിക്കുകയും ചെയ്തു. (Lahiru Kumara Liton Das)
സൂപ്പർ 12ൽ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് താരങ്ങൾ വാക്കേറ്റം നടത്തിയത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആറാം ഓവറിൽ ലിറ്റൺ ദാസിനെ പുറത്താക്കിയ ലഹിരു കുമാരയുടെ വിക്കറ്റ് ആഘോഷത്തിൽ പ്രകോപിതനായ ദാസ് കയർക്കുകയായിരുന്നു. ലഹിരു കുമാരയും ഇതിന് മറുപടി നൽകിയതോടെ ഇരുതാരങ്ങളും തമ്മിലുള്ള കൈയ്യാങ്കളിയിലേക്കു കാര്യങ്ങൾ നീങ്ങി. തുടർന്ന് സഹതാരങ്ങൾ ഇടപ്പെട്ടതോടെ സംഭവം വഷളാവാതെ തീർന്നു.
Read Also : ടി20 ലോകകപ്പ്: അസലങ്ക-രജപക്‌സെ കൂട്ടുകെട്ടിൽ ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്കൻ വിജയം
ബംഗ്ലദേശ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക അനായാസം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി നിന്ന ചരിത് അസലങ്കക്കൊപ്പം (49 പന്തിൽ 80 നോട്ടൗട്ട്) ഭനുക രജപക്സെയും (31 പന്തിൽ 53) ചേർന്നതോടെ ലങ്ക അനായാസ വിജയത്തിലേക്ക് എത്തുകയായിരുന്നു.
വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് ആദ്യ ഓവറിൽ തന്നെ കുശാൽ പെരേരയെ നഷ്ടപ്പെട്ടു. തുടർന്ന് ലങ്കക്കായി നിസാൻകയും (24) ചരിത് അസലങ്കയും ഒത്തുചേരുകയായിരുന്നു. രണ്ടാംവിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് അവിഷ്ക ഫെർണാണ്ടോ (0), വനിന്ദു ഹസരങ്ക (6) എന്നിവർ വേഗത്തിൽ പുറത്തായതോടെ സമ്മർദത്തിലായ ലങ്കയെ രാജപക്സെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 79 റൺസിൽ ഒരുമിച്ച അസലങ്ക-രാജപക്സെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. 19ആം ഓവറിൽ രാജപക്സെ പുറത്തായെങ്കിലും പുറത്താവാതെ നിന്ന അസലങ്ക ലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 171 റൺസ് നേടി. 52 പന്തിൽ 62 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് നൈമാണ് ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ മുഷ്‌ഫീഖുർ റഹീം(37 പന്തിൽ 57*) വേഗം സ്‌കോർ ചെയ്തത് ബംഗ്ലാദേശിനെ തുണയ്ക്കുകയും ചെയ്തു.
Story Highlights : Lahiru Kumara Liton Das fined after altercation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here