രക്ഷകനായി ആസിഫ് അലിയും ഷൊഐബ് മാലിക്കും; പാകിസ്താന് ആവേശജയം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താന് തുടർച്ചയായ രണ്ടാം ജയം. ന്യൂസീലൻഡിനെ കീഴടക്കിയാണ് പാകിസ്താൻ രണ്ടാം ജയം കുറിച്ചത്. കിവീസിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ മറികടന്നത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. 33 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. (pakistan won newzealand t20)
പാകിസ്താൻ്റെ അതേ നാണയത്തിൽ ന്യൂസീലൻഡ് തിരിച്ചടിച്ചപ്പോൾ ബാബറിനോ റിസ്‌വാനോ കഴിഞ്ഞ മത്സരത്തിലെ മികവ് തുടരാനായില്ല. തുടക്കം മുതൽ പാക് ബാറ്റർമാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമാണ് കിവീസ് നടത്തിയത്. പവർപ്ലേയിൽ വെറും 30 റൺസെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. ബാബർ അസമിനെ (9) അവർക്ക് നഷ്ടമാവുകയും ചെയ്തു. ആറാം ഓവറിൽ ടിം സൗത്തി ബാബറിൻ്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
Read Also : തകർത്തെറിഞ്ഞ് പാകിസ്താൻ; ന്യൂസീലൻഡിനെതിരെ 135 റൺസ് വിജയലക്ഷ്യം
ഫഖർ സമാൻ (11) ഇഷ് സോധിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ മുഹമ്മദ് ഹഫീസിനെ (11) മിച്ചൽ സാൻ്റ്നർ ഡെവോൺ കോൺവേയുടെ കൈകളിലെത്തിച്ചു. മുഹമ്മദ് റിസ്‌വാനെ (33) ഇഷ് സോധിയും ഇമാദ് വാസിമിനെ (11) ട്രെൻ്റ് ബോൾട്ടും വിക്കറ്റിനു മുന്നിൽ കുരുക്കി.
തുടർന്ന് ഏഴാം നമ്പറിലെത്തിയ ആസിഫ് അലിയുടെ കൂറ്റൻ ഷോട്ടുകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളിൽ ഷൊഐബ് മാലിക്കും ബൗണ്ടറികൾ കണ്ടെത്തി. ആസിഫ് അലി (27), ഷൊഐബ് മാലിക്ക് (26) എന്നിവർ പുറത്താവാതെ നിന്നു. 48 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ആറാം വിക്കറ്റിൽ ഈ സഖ്യം പടുത്തുയർത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസെടുത്തു. 27 റൺസ് വീതം നേടിയ ഡാരിൽ മിച്ചലും ഡെവോൺ കോൺവേയുമാണ് കിവീസിൻ്റെ ടോപ്പ് സ്കോറർമാർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.
Story Highlights : pakistan won newzealand t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here