ഡോക്ടറുടെ തലയിൽ ഫാൻ വീണു; ആശുപത്രിയിൽ ഹെൽമെറ്റ് ധരിച്ച് പ്രതിഷേധം

ഹൈദരാബാദിൽ ജൂനിയർ ഡോക്ടർമാരുടെ വ്യത്യസ്ത പ്രതിഷേധം. ഡ്യൂട്ടിക്കിടെ ഹെൽമെറ്റ് ധരിച്ചാണ് ഡോക്ടർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒസ്മാനിയ ജനറൽ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സീലിംഗ് ഫാൻ വീണ് ത്വക്ക് വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടർക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു.
ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ജൂനിയർ ഡോക്ടർമാരുടെ സംഘം ആവശ്യപ്പെട്ടു. ജീവൻ അപകടത്തിലാക്കി പ്രവർത്തിക്കുന്നത് രോഗികളുടെ പരിചരണത്തിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടിയാണ്. ജോലി ചെയ്യുന്നതിൽ തടസ്സമാകുമെന്നതിനാൽ ഇക്കാര്യം പരിശോധിക്കണമെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു.
“ഇത്തരം അപകടം ആശുപത്രിയിൽ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു…ഇതുവരെ ജീവനക്കാർക്കോ രോഗികൾക്കോ മാരകമായ പരുക്കുകൾ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വീണ്ടും അപകടങ്ങൾ ആവർത്തിച്ചാൽ അധികാരികൾ ഉത്തരം പറയേണ്ടിവരും” സൂപ്രണ്ടിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here