ബംഗ്ലാദേശിനു ബാറ്റിംഗ് തകർച്ച; ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്. ഇംഗ്ലണ്ടിൻ്റെ തകർപ്പൻ ബൗളിംഗിനു മുന്നിൽ ചൂളിപ്പോയ ബംഗ്ലാദേശ് ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിനു വെല്ലുവിളി ഉയർത്തിയില്ല. 29 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി തൈമൽ മിൽസ് മൂന്നും മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. (t20 bangladesh innings england)
മൊയീൻ അലി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൻസ് പിറന്നെങ്കിലും തൻ്റെ അടുത്ത ഓവറിൽ താരം തിരിച്ചടിച്ചു. 9 റൺസെടുത്ത ലിറ്റൺ ദാസിനെ ലിവിങ്സ്റ്റണിൻ്റെ കൈകളിലെത്തിച്ച് മൊയീൻ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത പന്തിൽ മുഹമ്മദ് നയിമും (5) മടങ്ങി. നയീമിനെ ക്രിസ് വോക്സ് പിടികൂടുകയായിരുന്നു. ഷാക്കിബ് അൽ ഹസൻ (4) വേഗം മടങ്ങി. ക്രിസ് വോക്സിൻ്റെ പന്തിൽ ഷാക്കിബിനെ ആദിൽ റഷീദ് ഉജ്ജ്വലമായി പിടികൂടുകയായിരുന്നു.
Read Also : ഗപ്റ്റിലിനു പരുക്ക്; ഇന്ത്യക്കെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
നാലാം വിക്കറ്റിൽ മുഷ്ഫിക്കർ റഹീമും മഹ്മൂദുള്ളയും ചേർന്ന 37 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ, മുഷ്ഫിക്കറിനെ (29) വിക്കറ്റിനു മുന്നിൽ കുരുക്കിയ ലിവിങ്സ്റ്റൺ ഈ കൂട്ടുകെട്ട് പൊളിച്ചു. അഫീഫ് ഹുസൈൻ (5) റണ്ണൗട്ടായി. മഹ്മൂദുള്ള (19) ലിവിങ്സ്റ്റണിൻ്റെ പന്തിൽ ക്രിസ് വോക്സ് പിടിച്ച് പുറത്തായതോടെ ബംഗ്ലാദേശിൻ്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു.
മെഹദി ഹസൻ (11), നൂറുൽ ഹസൻ (16), മുസ്തഫിസുർ റഹ്മാൻ (0) എന്നിവരെ അവസാന ഓവറുകളിൽ പുറത്താക്കിയ തൈമൽ മിൽസ് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ആദിൽ റഷീദ് എറിഞ്ഞ 19ആം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 16 റൺസെടുത്ത നസും അഹ്മദിൻ്റെ ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ 120 കടത്തിയത്. 9 പന്തുകളിൽ 19 റൺസെടുത്ത നസും പുറത്താവാതെ നിന്നു.
Story Highlights : t20 world cup bangladesh innings england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here