Advertisement

നഗരസഭയിലെ നികുതി വെട്ടിപ്പ്; നികുതി അടച്ചവര്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍; സംഘടിത തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ്

October 27, 2021
1 minute Read
tvm corporation tax fraud

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. എം വിന്‍സന്റ് എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും പ്രതികളുണ്ടെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു. നികുതി അടച്ചവര്‍ക്ക് നയാപൈസ പോലും നഷ്ടമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നികുതി തട്ടിപ്പില്‍ വലിയ കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്നും ജനങ്ങളുടെ ലക്ഷക്കണക്കിന് പണം നഷ്ടമായെന്നും അടിയന്തര പ്രമേയത്തില്‍ എം വിന്‍സന്റ് ആരോപിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനുള്ള അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മേയര്‍ക്ക് പ്രായം മാത്രമല്ല, ജനാധിപത്യ ബോധവും കുറവാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നഗരസഭയില്‍ നടന്നത് സംഘടിതമായ തട്ടിപ്പാണ്. സിപിഐഎം സര്‍വീസ് സംഘടനയില്‍പ്പെട്ടവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും കാലങ്ങളായി തിരുവനന്തപുരം നഗരസഭയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Read Also : കോർപ്പറേഷൻ നികുതി തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

അതേസമയം കോര്‍പറേഷനില്‍ നികതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ സ്ഥിരീകരിച്ചു. പൊലീസിന്റെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഒരു കുറ്റവാളി പോലും രക്ഷപെടില്ല. കേസില്‍ 13 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും നാല് പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും നികുതി അടച്ചവര്‍ക്ക് ഒരു പൈസ പോലും നഷ്ടമാകില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ മറുപടി നല്‍കി.

Story Highlights : tvm corporation tax fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top