ഒടുവിൽ റൊണാൾഡ് കോമാൻ പുറത്ത്; ഔദ്യോഗിക പ്രഖ്യാപനവുമായി ബാഴ്സലോണ

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് റൊണാൾഡ് കോമാൻ പുറത്ത്. ഇന്നലെ റയോ വല്ലെക്കാനോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെയാണ് കോമാൻ്റെ സ്ഥാനം തെറിച്ചത്. കോമാൻ പരിശീലകനായതിനു ശേഷം വളരെ മോശം പ്രകടനങ്ങളാണ് ക്ലബ് നടത്തിവന്നിരുന്നത്. ഇതിനു പിന്നാലെയാണ് കോമാനെ ക്ലബ് പുറത്താക്കിയത്. (barcelona sacked Ronald Koeman)
അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനു പിന്നാലെയും റയൽ മാഡ്രിഡിനെതിരായ എ ക്ലാസിക്കോ മത്സരത്തിനു പിന്നാലെയും കോമാനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, ക്ലബ് കോമാനെ പിന്തുണച്ചു. കഴിഞ്ഞ ദിവസം പരിശീലകനെതിരെ ആരാധകർ പരസ്യമായി രംഗത്തുവന്നു. കോമാൻ്റെ കാറിനു മുന്നിൽ പ്രതിഷേധിച്ചാണ് ആരാധകർ നിലപാട് വ്യക്തമാക്കിയത്.
പരിശീലകനെന്ന നിലയിൽ കോമാൻ്റെ പല നിലപാടുകളും വിമർശിക്കപ്പെട്ടിരുന്നു. മികച്ച ലാ മാസിയ യുവതാരങ്ങളെ റിലീസ് ചെയ്ത കോമാൻ പല താരങ്ങളെയും പൊസിഷൻ മാറ്റിയാണ് കളിപ്പിച്ചിരുന്നത്. ലുക്ക് ഡിയോങ് അടക്കം ആവശ്യമില്ലാത്ത ട്രാൻസ്ഫറുകളും കോമാൻ നടത്തി. ക്ലബ് ഇതിഹാസമായ കോമാൻ്റെ ഈഗോയും പലതവണ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
കോമാനെ പുറത്താക്കിയതിനു പിന്നാലെ ബാഴ്സ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. ബാഴ്സയുടെ മുൻ താരവും ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലകനുമായ സാവി ഹെർണാണ്ടസിനെ ബാഴ്സ സമീപിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights : fc barcelona sacked Ronald Koeman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here