‘ഇല്ലടാ, പറക്കാൻ പറ്റില്ല’; മിന്നൽ മുരളി ട്രെയിലർ പുറത്ത്

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രം ഡിസംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. (minnal murali trailer released)
മുഴുനീള കോമഡി ചിത്രമായാണ് മിന്നൽ മുരളി ഒരുക്കിയിരിക്കുന്നത്. മിന്നൽ ഏൽക്കുന്നതിലൂടെ സൂപ്പർ പവർ ലഭിക്കുന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. പല കഴിവുകളുണ്ടെങ്കിലും മിന്നൽ മുരളിക്ക് പറക്കാനാവില്ലെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്.
Read Also : മിന്നൽ മുരളി ഡിസംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ
‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
Story Highlights : minnal murali trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here