ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങും

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ഇന്ന് ജയില്‍മോചിതനാകും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്.
ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.
5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകരുതെന്നും ഉപാധിയുണ്ട്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിന് പുറത്തിറങ്ങുന്നത്. ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന് സൂചന. ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ഇഡി കേസില്‍ ബിനീഷിന്റെ അറസ്റ്റിന് പിന്നാലേ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.
Read Also : ജാമ്യക്കാർ പിൻമാറി; ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല
അടുത്ത 6,7 തീയതികളിലാണ് സിപിഐഎമ്മിന്റെ സംസ്ഥാന സമിതി യോഗം ചേരുന്നത്. അതിനുമുന്‍പായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ചേരും. യോഗങ്ങളില്‍ കോടിയേരിയുടെ മടങ്ങിവരവ് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
Story Highlights : bineesh kodiyeri