Advertisement

കുട്ടികൾക്ക് അക്ഷര വെളിച്ചം പകരാൻ പുഴ കടന്ന് കാട് താണ്ടി മലകൾക്കിടയിലേക്ക് ഒരു ടീച്ചർ

October 31, 2021
1 minute Read

നാട്ടിലെങ്ങും പ്രവേശനോത്സവത്തോട് അനുബന്ധിച്ച തയ്യാറെടുപ്പുകൾ തകൃതിയാണ്. നമ്മുടെ ഈ കൊച്ച് സംസ്ഥാനത്ത്, നഗരങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല കാടുകൾക്കുള്ളിലും സ്കൂളുകളുണ്ട്.  വനപ്രദേശങ്ങളിലും തീരമേഖലയിലുമായി 272 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട് നമ്മുടെ കേരളത്തിൽ. കുട്ടികൾക്ക് അറിവിൻ്റെ പാഠം പകർന്ന് നൽകാൻ കാടും മലയും താണ്ടിയെത്തുന്ന അധ്യാപകരുണ്ട്. ഇത് അങ്ങനെയൊരു കഥയാണ്. അമ്പൂരിയുടെ ഉഷ ടീച്ചറുടെ കഥ.

തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്തുമലയ്ക്ക് ടീച്ചറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പുൽത്തരിക്കും പാറകൾക്കും എന്തിന് വന്യജീവികൾക്ക് പോലും സുപരിചിതയാണ് ഉഷ ടീച്ചറെ. പുഴ കടന്ന് മരം കടന്ന് മലകളുടെ ഇടയിലേക്ക് ഈ ടീച്ചർ എത്തുന്നത് കള്ളുകാട് ഊരുകളിലെ കുട്ടികൾക്ക് അക്ഷര വെളിച്ചം പകരാനാണ്. കുന്നത്തുമലയിൽ അഗസ്ത്യ പർവതത്തിന് താഴെയാണ് അഗസ്ത്യ ഏകാധ്യാപക വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നെയ്യാർ, കുമ്പിച്ചൽക്കടവ് കടന്ന്, കുന്നത്തുമലയിലെത്താൻ രണ്ട് മണിക്കൂറെടുക്കും. കാട്ടുപോത്തും, പന്നിയും, മ്ലാവുമൊക്കെ ഏത് നിമിഷവും പ്രത്യക്ഷപ്പെടാവുന്ന വഴി. വനത്തിൽ കുറച്ചകലെ കാട്ടാനയുമുണ്ട്. എന്നാൽ ടീച്ചർക്ക് ഭയമില്ല. ഉഷ ടീച്ചർ ഈ നടപ്പ് തുടങ്ങിയിട്ട് 23 വർഷമാകുന്നു.

ഒന്ന് മുതൽ നാലാം ക്ലാസ് വരെ 11 കുട്ടികൾക്ക് ഉഷ ടീച്ചർ അറിവ് പകരുന്നു. തുടർ പഠനത്തിനായി കുട്ടികൾ മലയിറങ്ങുന്നുണ്ട്. മലയിറങ്ങി പഠിക്കാൻ അവരെ മലകയറി പ്രാപ്തരാക്കുന്ന ഈ ടീച്ചർ സർക്കാരിൻ്റെ സ്ഥിര നിയമനത്തിന് ഇനിയും യോഗ്യ ആയിട്ടില്ല. കയറ്റം കയറുമ്പോൾ വീഴ്ചയും പതിവാണ്. ഇടത് കാലിനും മാറ്റ് ഭാഗത്തും ടീച്ചർക്ക് അസ്വസ്ഥതയുണ്ട്. ഇതൊന്നും ടീച്ചർക്ക് ഒരു തടസ്സമല്ല.

കേരളപ്പിറവിയും പ്രവേശനോത്സവുമൊക്കെ ഇവർക്കും ഉണ്ട്. സ്കൂൾ തുറക്കുന്നത് ഉത്സവമാക്കുമെങ്കിലും നാട്ടിലേത് പോലാവില്ല. കുട്ടികളുടെ അച്ഛനമ്മമാരാണ് പള്ളിക്കൂടവും പരിസരവും ഒരുക്കുന്നത്. കുട്ടികളും ഒപ്പം ചേരും. അങ്ങനെ പാട്ടും കളിയും ചിരിയും ഓക്കേയായി അവർ നാളെയെ വരവേൽക്കും. ഉഷ ടീച്ചറുടെ പാട്ട് വീണ്ടും കേൾക്കാനുള്ള കാത്തിരിപ്പിലാണ് ഈ കുരുന്നുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top