ഒരു വർഷത്തിന് ശേഷം ജയിൽമോചനം; ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് കേരളത്തിൽ എത്തും. രാവിലെ ബെംഗളൂരുവിൽ നിന്ന് വിമാനമാർഗമാവും എത്തുക. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തുമെന്ന് ബിനീഷ് കോടിയേരിയുടെ സഹോദരൻ ബിനോയ് കോടിയേരി പറഞ്ഞു. ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
Read Also : നിറപ്പകിട്ടില്ല, ഏഴഴകും ഇല്ല; അറിയാം “വെള്ള മഴവില്ലി”നെ കുറിച്ച്…
സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചു.
കേസിൽ ഒരു വർഷവും രണ്ട് ദിവസവും നീണ്ട ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിന് ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു മാസം നീണ്ടു നിന്ന വാദം കേൾക്കലിന് ശേഷമാണ് കോടതി വിധി. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ്.
Read Also : നിറപ്പകിട്ടില്ല, ഏഴഴകും ഇല്ല; അറിയാം “വെള്ള മഴവില്ലി”നെ കുറിച്ച്…
Story Highlights : bineesh-kodiyeri-will-reach-trivandrum-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here