Advertisement

‘മിസ്റ്റര്‍ സിനിമാതാരം, താങ്കള്‍ക്ക് തെറ്റി, ഇത് കേരളമാണ്’; ജോജു ജോര്‍ജിനെതിരെ രമ്യ ഹരിദാസ് എംപി

November 1, 2021
Google News 2 minutes Read
ramya haridas mp

നടന്‍ ജോജു ജോര്‍ജിനെതിരെ എംപി രമ്യാ ഹരിദാസ്. ഇന്ധനവില വര്‍ധനവിനെതിരായി കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരം സമൂഹത്തിനുവേണ്ടിയാണെന്നത് മറക്കരുതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഒരു മലയാളി എന്ന നിലയില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും എം പി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘മിസ്റ്റര്‍ സിനിമാതാരം, താങ്കള്‍ക്ക് തെറ്റി. ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്‍. കോണ്‍ഗ്രസുകാര്‍. അത് മറക്കേണ്ട..

അവിടെയുള്ള ഒരു കോണ്‍ഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല. സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങള്‍ മറക്കാന്‍ പാടില്ലായിരുന്നു. ഒരു സിനിമയ്ക്ക് നിങ്ങള്‍ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും. തെരുവില്‍ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയര്‍പ്പ് തുള്ളിയാണ് നിങ്ങള്‍ പടുത്തുയര്‍ത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട.

രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങള്‍ക്ക് പ്രശ്‌നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്‌നമാണ്. ടാക്‌സി, ബസ് തൊഴിലാളികള്‍ പട്ടിണിയിലാണ്. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു. അത് മറക്കരുത്… ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുത്…കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങള്‍ ഒരു മലയാളി അല്ലേ..?’

ഇന്ന് രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ പ്രവേശനം. കാറില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Read Also : ജോജുവിന്റെ വാഹനം തകര്‍ത്തവര്‍ക്കെതിരെ കേസെടുത്തു; നടന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അതേസമയം ജോജു മദ്യപിച്ച് സമരം സംഘര്‍ഷത്തിലാക്കാന്‍ ശ്രമിച്ചെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് നടനെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്ന് മാറ്റിയത്. അതിനിടെ വൈദ്യപരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

Story Highlights : ramya haridas mp, joju george, congress protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here