ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു; 5 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു. അപകടത്തിൽ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാവിലെ 8.50 ഓടെ ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ് വളവ് തിരിയുന്നതിനിടെ വെയ്റ്റിങ് ഷെഡിൽ തട്ടി. ബസിന്റെ പിൻവശമാണ് തട്ടിയത്. ഇതോടെ ഷെഡിന്റെ മേൽക്കൂര തകർന്ന് താഴേക്ക് വീണു. ഈ സമയം 5 കുട്ടികൾ ഉൾപ്പെടെ 6 പേർ ഷെഡിൽ ഉണ്ടായിരുന്നു.
കുട്ടികളെ ആദ്യം ആര്യനാട് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. ഇവരുടെ തലയ്ക്കും കഴുത്തിലും പരുക്കുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മുതിർന്ന ഒരാളുടെ നിലയാണ് ഗുരുതരം. അതേസമയം ഷെഡിന് കാലപ്പഴക്കം ഉണ്ടായിരുന്നതായി പ്രദേശവാസി 24നോട് പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ള ഷെഡാണ് ഇത്. ബസ് ചെറുതായി തട്ടിയ ഉടനെ ഷെഡ് പൂർണമായും തകർന്നു. ബസിന് അമിത വേഗം ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here