ജോജു ജോർജിന്റെ കാർ തല്ലി തകർത്ത കേസ് : ടോണി ചെമ്മണി ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

സിനിമാ താരം ജോജു ജോർജിന്റെ കാർ തല്ലി തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്. പ്രതികളെ ജോജു ജോർജു തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പ്രതിയായ മുൻ കൊച്ചി മേയർ ടോണി ചെമ്മണി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ( joju george case arrest )
ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ചില്ല് തകർത്ത വൈറ്റില സ്വദേശിയും ഐഎൻടിയുസി പ്രവർത്തകനുമായ ജോസഫ് ജോർജിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.
റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോർജിന്റെ വാഹനം തകർത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ധന വില വർധനവിനെതിരെ വൈറ്റില- ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി.
സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. സംഘർഷ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്. അതേസമയം ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.
രാവിലെയാണ് ഇടപ്പള്ളി വൈറ്റില ദേശീയ പാതയിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. എന്നാൽ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ രംഗപ്രവേശം. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടർന്ന് ജോജുവിന്റെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തു.
തുടർന്ന് മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെ 7 പേർക്കെതിരേയാണ് ജോജു ജോർജിന്റെ കാർ തല്ലി പൊളിച്ചത്തിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ജോജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയത്.
Story Highlights : joju george case arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here