സർക്കാർ ജോലി കിട്ടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി; സമീർ വാങ്കഡെയ്ക്കെതിരെ ദളിത് സംഘടനകൾ

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെയുൾപ്പെടെ കുടുക്കിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ ആരോപണവുമായി ദളിത് സംഘടനകൾ. സർക്കാർ ജോലി ലഭിക്കാനായി വാങ്കഡെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണമാണ് ഭീം ആർമിയും സ്വാഭിമാനി റിപ്പബ്ലിക്കൻ പാർട്ടിയും ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു സംഘടനകളും പരാതി നൽകിയിട്ടുണ്ട്. (Dalit Sameer Wankhede caste)
എൻസ്പി നേതാവ് നവാബ് മാലിക്കും ഇതേ ആരോപണം ഉയർത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുൻപിൽ ഈ ആരോപണം ഉയർത്തിയത്. സമീറിനെതിരെ രംഗത്തുവന്നത് അദ്ദേഹത്തിൻ്റെ മതം കാരണമല്ലെന്നും ഐആർഎസ് ജോലി കിട്ടാനായി സമീർ ഹാജരാക്കിയത് വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സമീറിൻ്റെ ജനന സർട്ടിഫിക്കറ്റും നവാബ് മാലിക്ക് പുറത്തുവിട്ടു. മുസ്ലിമായി ജനിച്ച സമീർ എങ്ങനെയാണ് പട്ടിക ജാതി വിഭാഗത്തിൽ ഇന്ത്യൻ റെവന്യൂ സർവീസിൽ ജോലിക്ക് കയറുക എന്നായിരുന്നു നവാബിൻ്റെ ചോദ്യം. ഇസ്ലാമിലേക്ക് മതം മാറിയ ഒരാളാണ് സമീറിൻ്റെ പിതാവെന്നും പട്ടിക ജാതിക്കാർക്കുള്ള ആനുകൂല്യം ലഭിക്കാനായി സമീർ പിതാവിൻ്റെ പഴയ പേര് ഉപയോഗിക്കുകയായിരുന്നു എന്നും നവാബ് പറഞ്ഞു. സമീറിൻ്റെ ജന സർട്ടിഫിക്കറ്റിൽ മതം ‘മുസ്ലിം’ എന്നും പിതാവിൻ്റെ പേര് ‘ദാവൂദ് കെ വാങ്കഡെ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആരോപണങ്ങളൊക്കെ തള്ളി നേരത്തെ തന്നെ സമീർ രംഗത്തെത്തിയിരുന്നു. തൻ്റെ പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും ആയിരുന്നെന്നും പിതാവിൻ്റെ പേര് ദ്യാൻദേവ് എന്നായിരുന്നു എന്നും സമീർ പറഞ്ഞിരുന്നു.
Story Highlights : Dalit accuse Sameer Wankhede false caste certificate govt job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here