സയ്യിദ് മുഷ്താഖ് അലി ട്രോഫി: തിളങ്ങിയത് സഞ്ജു മാത്രം; കേരളത്തെ 9 വിക്കറ്റിനു തകർത്ത് ഗുജറാത്ത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് നാണംകെട്ട തോൽവി. ഗുജറാത്തിനെതിരെ 9 വിക്കറ്റിനാണ് കേരളം കീഴടങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളൂ. 43 പന്തിൽ 54 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണ് മാത്രമേ കേരള നിരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിൽ പ്രിയങ്ക് പഞ്ചലും (66), എസ്ഡി ചഹാനും (50) ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തന്നെ കേരളത്തെ തോല്പിക്കുകയായിരുന്നു. 15.3 ഓവറിലാണ് അവർ വിജയലക്ഷ്യം മറികടന്നത്. (kerala gujarat syed mushtaq)
ബാറ്റിംഗ് തകർച്ച നേരിട്ട കേരളത്തിനായി 4 ബാറ്റർമാരാണ് ഇരട്ടയക്കം കടന്നത്. സഞ്ജുവിനെക്കൂടാതെ സച്ചിൻ ബേബി (19), മുഹമ്മദ് അസ്‌ഹറുദ്ദീൻ (13), വിഷ്ണു വിനോദ് (12) എന്നിവർക്കൊക്കെ തുടക്കം കിട്ടിയെങ്കിലും അത് മുതലെടുക്കാനായില്ല. റോബിൻ ഉത്തപ്പ (9), ഷറഫുദ്ദീൻ എൻഎം (3) എന്നിവർ നിരാശപ്പെടുത്തി. ഗുജറാത്തിനായി റൂഷ് കലാരിയ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർസാൻ നഗ്‌വസ്‌വല്ല, ഹർദ്ദിക് പട്ടേൽ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി നാളെ മുതൽ; കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ
മറുപടി ബാറ്റിംഗിൽ ഗുജറാത്ത് അനായാസമാണ് സ്കോർ ചെയ്തത്. ആദ്യ വിക്കറ്റിൽ തന്നെ അവർ 113 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് ഉയർത്തി. പ്രിയങ്ക് പഞ്ചലിനെ പുറത്താക്കിയ കെഎം ആസിഫ് മാത്രമാണ് കേരളത്തിനായി വിക്കറ്റ് കോളത്തിൽ ഇടം നേടിയത്.
ബീഹാർ, റെയിൽവേയ്സ്, അസം, മധ്യപ്രദേശ് എന്നീ ടീമുകൾക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിൻ്റെ മറ്റ് മത്സരങ്ങൾ.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സിജോമോൻ ജോസഫ്, വത്സൽ ഗോവിന്ദ്, മിഥുൻ പികെ, മിഥുൻ എസ്, രോഹൻ എസ് കുന്നുമ്മൽ, റോജിത് ഗണേഷ്, ഷറഫുദ്ദീൻ, വിശ്വേശ്വർ സുരേഷ്, മനു കൃഷ്ണൻ, അഖിൽ എംഎസ്, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിത്ത്.
Story Highlights : kerala lost gujarat syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here