ഷിംലയിൽ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം; തെരച്ചിൽ തുടരുന്നു

ഹിമാചൽ പ്രദേശിലെ ഷിംലയിൽ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീടിന് സമീപം സഹോദരനോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ അജ്ഞാത മൃഗം പിടിക്കുകയായിരുന്നു. വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി 11 മണിയോടെ തെരച്ചിൽ ആരംഭിച്ചു.
കുട്ടിയെ പുലി പിടിച്ചതാവാം എന്ന് പൊലീസ് സംശയിക്കുന്നു. മൂന്ന് മാസത്തിനിടെ ഷിംലയിൽ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഓഗസ്റ്റിൽ,കൻലോഗ് പ്രദേശത്ത് നിന്ന് അഞ്ച് വയസ്സുള്ള പെൺകുട്ടിയെ പുള്ളിപ്പുലി കടിച്ച് കൊന്നിരുന്നു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ നിന്ന് പെൺകുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
സംഭവസ്ഥലത്തിന് സമീപം കുട്ടിയുടെ ഉടുപ്പും രക്തക്കറകളും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടിയെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ ശങ്കർ അറിയിച്ചു. റാപ്പിഡ് റെസ്‌ക്യൂ ടീമും വനം വകുപ്പും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്തു നിരവധി കൂടുകൾ സ്ഥാപിച്ചിട്ടും ഓഗസ്റ്റിൽ അഞ്ചുവയസുകാരിയെ കൊന്ന പുലിയെ പിടികൂടാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here