വാൻ ഡർ ഡസ്സനും മാർക്രമിനും ഫിഫ്റ്റി; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ടി-20 ലോകകപ്പ് സൂപ്പർ 12 -പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 190 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ്അടിച്ചുകൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കായി വാൻ ഡർ ഡസ്സനും എയ്ഡൻ മാർക്രവും ഫിഫ്റ്റി നേടി. 94 റൺസെടുത്ത റസ്സി വാൻ ഡർ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മാർക്രം 52 റൺസെടുത്തു. ക്വിൻ്റൺ ഡികോക്കും (34) പ്രോട്ടീസ് സ്കോറിൽ നിർണായക പങ്കുവഹിച്ചു.
സാവധാനത്തിലാണ് ദക്ഷിണാഫ്രിക്ക ആരംഭിച്ചത്. ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാർ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ദുഷ്കരമാക്കി. മൂന്നാം ഓവറിൽ മൊയീൻ അലി റീസ ഹെൻറിക്ക്സിനെ (2) മടക്കി. രണ്ടാം വിക്കറ്റിൽ വാൻ ഡർ ഡസ്സനും ഡികോക്കും ചേർന്ന കൂട്ടുകെട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുൻതൂക്കം നൽകി. 71 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷം ഡികോക്ക് (34) മടങ്ങി. ആദിൽ റഷീദിനായിരുന്നു വിക്കറ്റ്.
ഇതിനിടെ 37 പന്തുകളിൽ വാൻ ഡർ ഡസ്സൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ഗിയർ മാറ്റിയ താരം തുടരെ ബൗണ്ടറികൾ കണ്ടെത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. നാലാം നമ്പറിലെത്തിയ എയ്ഡൻ മാർക്രവും ആക്രമണം മോഡിലായിരുന്നു. ഇരുവരും ചേർന്ന് ഇംഗ്ലണ്ട് ബൗളർമാരെ തല്ലിച്ചതച്ചു. വെറും 24 പന്തുകളിൽ മാർക്രം ഫിഫ്റ്റി തികച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 103 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇരുവരും പുറത്താവാതെ നിന്നു.
Story Highlights : south africa innings england t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here