ഇന്ത്യയുടെ റൈവൽ ടീം പാകിസ്താനല്ല, ന്യൂസീലൻഡാണ്!

വീണ്ടും ഒരു ഐസിസി ഇവൻ്റിൽ ഇന്ത്യയുടെ സാധ്യതകൾ തുലാസിൽ നിൽക്കുന്നു. അവസാന മത്സരത്തിലെ ജയം പോര, മറ്റ് ടീമുകൾ കൂടി കനിഞ്ഞാലേ ഇന്ത്യ ടി-20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിക്കൂ. ഇന്ന് അഫ്ഗാനിസ്ഥാൻ ന്യൂസീലൻഡിനെ തോല്പിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതയുള്ളൂ. കൃത്യമായി പറഞ്ഞാൽ, അഫ്ഗാനിസ്ഥാൻ്റെ അല്ലെങ്കിൽ ന്യൂസീലൻഡിൻ്റെ കൈകളിലാണ് ഇന്ത്യയുടെ ഭാവി! (india newzealand icc events)
‘വില്ലിച്ചായനും’ സംഘവും നല്ല ടീമാണ്. എല്ലായിടത്തും സ്വീകാര്യതയുള്ള, ആരാധകരുള്ള ടീമാണ്. ഇന്ത്യയിലും ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിനോട് വ്യാപകമായ ഒരു ഇഷ്ടമുണ്ട്. ആ ഇഷ്ടത്തിനപ്പുറം ഈ ന്യൂസീലൻഡ് നമുക്ക് വർഷങ്ങളായി പണിതരുന്ന കാര്യം അറിയാമോ? ഐസിസി ഇവൻ്റുകളിൽ ന്യൂസീലൻഡാണ് നമ്മുടെ ഏറ്റവും വലിയ കടമ്പ.
ടി-20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. എല്ലായിടത്തും ന്യൂസീലൻഡ് നമുക്ക് പണി തന്നിട്ടേയുള്ളൂ. 99 ലോകകപ്പ് മുതലുള്ള മോഡേൺ ഡേ ക്രിക്കറ്റ് പരിശോധിച്ചാൽ 8 തവണ ഇരു ടീമുകളും ഐസിസി ഇവൻ്റുകളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ജയിച്ചത് ഒരേയൊരു തവണ. അത് 18 വർഷങ്ങൾക്ക് മുൻപായിരുന്നു, 2003 ലോകകപ്പിൽ!
Read Also : ടി20 ലോകകപ്പ്; ഇന്ത്യ സെമി കാണുമോ?; ന്യൂസിലൻഡ് അഫ്ഗാൻ പോരാട്ടം ഇന്ന്
1999 ലോകകപ്പ് സൂപ്പർ 6, 2000 ഐസിസി നോക്കൗട്ട് ട്രോഫി, 2007 ടി-20 ലോകകപ്പ്, 2016 ടി-20 ലോകകപ്പ് സൂപ്പർ 10, 2019 ലോകകപ്പ് സെമിഫൈനൽ, 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇത്രയധികം ഐസിസി ഇവൻ്റുകളിലാണ് ഇന്ത്യ ന്യൂസീലൻഡിനോട് മുട്ടുമടക്കിയത്. അതുകൊണ്ട് ഒരു കാര്യം നമുക്ക് പറയാം, നമ്മുടെ റൈവൽ ടീം പാകിസ്താനല്ല, ന്യൂസീലൻഡാണ്!
ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം. കോലി സംഘത്തിന്റെ തലവര നിർണയിക്കുന്ന മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ അഫ്ഗാന് കഴിയുമോ എന്ന് ഇന്നറിയാം. സെമി ഉറപ്പിക്കാനുള്ള ന്യൂസിലൻഡിന്റെ അവസാന കടമ്പയാണ് അഫ്ഗാനെതിരായ മത്സരം. ജയം നേടി ഗ്രൂപ്പിൽ രണ്ടാമനായി സെമിയിലെത്താനാണ് ന്യൂസിലൻഡ് ലക്ഷ്യം. ഇന്ന് വലിയ മാർജിനിൽ ജയിച്ചാൽ അഫ്ഗാനും സെമി സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാൻ കുറഞ്ഞ മാർജിനിൽ ജയിച്ചാൽ ഇന്ത്യ പാകിസ്താനൊപ്പം സെമി കളിക്കും.
Story Highlights : india newzealand icc events
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here