ഇനി രോഹിത് നയിക്കും; ഇന്ത്യയുടെ ട്വന്റി-20 ടീം നായകനായി രോഹിത് ശർമ

രോഹിത് ശർമ ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകൻ. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.
വിരാട് കോലിക്കും, ജസ്പ്രീത് ബംറയ്ക്കും, രവീന്ദ്ര ജഡേജയ്ക്കും ഈ ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.
ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുൻ ദേശീയ താരം വീരേന്ദർ സെവാഗും
മുൻ ദേശീയ താരം ആശിഷ് നെഹ്റയും അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോർമാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമെന്ന് സേവാഗ് പറഞ്ഞു. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നും നെഹ്റ ചോദിച്ചു. ക്രിക്ക്ബസിൽ നടന്ന ചർച്ചക്കിടെയായിരുന്നു നെഹ്റയുടെ പരാമർശം.
അതേസമയം, ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസീലൻഡ് പര്യടനം മുതൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.
Story Highlights : rohit sharma twenty 20 captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here