മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

വനനശീകരണവും കാലാവസ്ഥ വ്യതിയാനങ്ങളും ഭൂമിയെ കാർന്നു തിന്നുമ്പോൾ ഏറെ പ്രസക്തിയുള്ള ആശയമാണ് മിയാവാക്കിയുടേത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തരിശു ഭൂമി വരെ വനമാക്കി മാറ്റാം എന്ന ആശയം നടപ്പിലാക്കിയ സസ്യശാസ്ത്രജ്ഞനാണ് അകിറ മിയാവാക്കി. മിയാവാക്കിയുടെ ആശയങ്ങൾ വ്യത്യസ്തമായിരുന്നു. ഇരുന്നൂറോളം വർഷങ്ങൾ കൊണ്ടുണ്ടാകുന്ന വനങ്ങളെ അതുപോലെ വെറും മുപ്പത് വർഷം കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്നായിരുന്നു മിയാവാക്കി മുന്നോട്ടുവെച്ച ആശയം. 1992 ൽ ഭൗമ ഉച്ചകോടിയിലായിരുന്നു മിയാവാക്കി ഇത് അവതരിപ്പിച്ചത്. രണ്ട് വർഷത്തിന് ശേഷം പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് ഇതിനെ മികച്ച പരിസ്ഥിതി മാതൃകയായി അംഗീകരിക്കുകയും ചെയ്തു.
പിന്നീട് പല രാജ്യങ്ങളും ഈ മാതൃക പിന്തുടരുകയും ചെയ്തു. ജപ്പാൻ ഉൾപ്പെടെ പല രാജ്യങ്ങളിലുമായി നൂറു കണക്കിന് കാടുകളാണ് മിയാവാക്കിയുടെ നേതൃത്വത്തിൽ ഉയർന്നു വന്നത്. ഈ കാടുകളെല്ലാം മിയാവാക്കി കാടുകൾ എന്നും അറിയപ്പെട്ടു. മിയാവാക്കി വനവത്കരണ രീതി ഉപയോഗിച്ച് മുപ്പത് വർഷത്തിനുള്ളിൽ കാടുകൾ നിർമ്മിക്കാം. പത്ത് മടങ്ങ് വേഗത്തിലാണ് ഈ രീതിയിൽ വനങ്ങൾ ഉണ്ടാകുന്നത്.
ഈ ആശയ വിപുലീകരണത്തിനും പരിസ്ഥിതി പ്രവർത്തനത്തിനുമായി ഒട്ടേറെ ബഹുമതികൾ മിയാവാക്കിയേ തേടിയെത്തിയിട്ടുണ്ട്. പ്രശസ്തമായ ബ്ലൂ പ്ലാനറ്റ് പ്രൈസും മിയാവാക്കി സ്വന്തമാക്കിയിട്ടുണ്ട്. പല സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫോറസ്റ്റ് ടു പ്രൊട്ടക്ട് ദ് പീപ്പിൾ യു ലവ്, പ്ലാന്റ് ട്രീസ്, ദ് ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് മിയാവാക്കി.
പല രാജ്യങ്ങളും മാതൃകയാക്കിയ ഈ മോഡൽ നമ്മുടെ കേരളത്തിലും ഉണ്ട്. തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യത്തെ മിയാവാക്കി വനത്തിന് തുടക്കമിട്ടത്ത്. വരും കാലങ്ങളിലും മിയാവാക്കി കാടുകളുടെ പ്രാധാന്യം കൂടിവരുകയേ ഉള്ളു. ഭൂമിയെ വനനശീകരണത്തിൽ നിന്ന് കരകയറാൻ മിയാവാക്കി മാതൃക മികച്ചതാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here