കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യയുടെ ആദ്യ എതിരാളികൾ ഓസ്ട്രേലിയ

ബിർമിങ്ഹാമിൽ നടക്കുന്ന 2022 കോമൺവെൽത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റിൽ ആദ്യ മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കും. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് ചാമ്പ്യൻ പട്ടം ചൂടിയത്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്. (commonwealth cricket india australia)
ഓസ്ട്രേലിയയെ കൂടാതെ പാകിസ്താനെയും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും. ജൂലായ് 31നാണ് ഈ മത്സരം നടക്കുക. രണ്ട് മത്സരങ്ങളും രാവിലെ 11 മണിക്കാണ്. ബാർബഡോസ് ആണ് ഗ്രൂപ്പ് എയിലുള്ള നാലാമത്തെ ടീം. ബാർബഡോസിനെ ഓഗസ്റ്റ് മൂന്നാം തീയതി വൈകിട്ട് 6 മണിക്ക് ഇന്ത്യ നേരിടും. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീം കൂടി ഗ്രൂപ്പ് ബിയിൽ പരസ്പരം പോരടിക്കും. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. ആദ്യ മത്സരം രാവിലെ 11നും അടുത്ത മത്സരം വൈകിട്ട് 6 മണിക്കുമാണ്. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തീയതി നടക്കും. വെങ്കലമെഡൽ പോരാട്ടം രാവിലെ 10 മണിക്കും ഫൈനൽ വൈകിട്ട് 5 മണിക്കുമാണ്.
1998ൽ നടന്ന കോലാലംപൂർ ഗെയിംസിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. വരും കോമൺവെൽത്ത് ഗെയിംസുകളിൽ പുരുഷ ക്രിക്കറ്റും മത്സര ഇനമായേക്കുമെന്നാണ് സൂചന. 2022 ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക. എഡ്ജ്ബാസ്റ്റനാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി.
Stroy Highlights: commonwealth games cricket india australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here