തരിശായി കിടന്ന കുന്നിൻപുറങ്ങൾ, വറ്റിവരണ്ട ജലാശയങ്ങൾ; തരിശുഭൂമിയെ പച്ചയണിയിച്ച 24 വർഷത്തിന്റെ പ്രചോദന കഥ…

രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടം. അവഗണകളും പരിഹാസങ്ങളും നേരിട്ട ദിവസങ്ങളെ മറികടന്നുള്ള വിജയത്തിലേക്കുള്ള വഴികൾ. പ്രചോദനവും പ്രതീക്ഷയും നൽകി ഇന്തോനേഷ്യയിൽ നിന്ന് സഡിമൻ പങ്കുവെക്കുന്നത് ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അനുഭവങ്ങളാണ്. ഇന്ന് ഒരു ഗ്രാമത്തിനും രാജ്യത്തിനും അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഇന്ന് ഈ അറുപത്തിയൊമ്പതുകാരൻ ഒരു രാജ്യത്തിന് തന്നെ അഭിമാനമാണ്. ഇരുപത്തിനാല് വർഷങ്ങൾ മുമ്പാണ് സഡിമൻ തന്റെ ഗ്രാമത്തിലെ തരിശു ഭൂമിയെ പച്ചയണിയിക്കാനുള്ള പ്രയത്നത്തിന് തുടക്കം കുറിച്ചത്. വരൾച്ചയും വെള്ളത്തിന്റെ ക്ഷാമവും തുടർകഥകളായ തങ്ങളുടെ ഗ്രാമത്തെ പച്ചയണിയിക്കാനുള്ള സഡിമന്റെ ശ്രമത്തെ എല്ലാവരും പരിഹസിച്ചു. അങ്ങനെ ഒരു ശ്രമം ഫലം കാണില്ലെന്ന് ഗ്രാമവാസികളും ബന്ധുക്കളും മുൻവിധി എഴുതി.
ചിരിച്ചുതള്ളിയ പരിഹാസത്തിന് ഇന്ന് ആ 69 ക്കാരന് പറയാൻ വ്യക്തമായ മറുപടിയുണ്ട്. തരിശായി കിടന്ന കുന്നിൻ പുറങ്ങളെ പച്ചയണിച്ച വിജയത്തിന്റെയും ആത്മസംതൃപ്തിയുടെയും കഥ. പതിനായിരത്തിൽ പരം മരങ്ങളാണ് ആ കുന്നിൻപുറത്ത് അദ്ദേഹം വെച്ചുപിടിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഇരുപത്തിനാല് വർഷവും അദ്ദേഹം ഈ ദൗത്യത്തിനായി മാറ്റിവെച്ചു. 617 ഏക്കർ വരുന്ന പ്രദേശമാണ് ഇങ്ങനെ മാറ്റിമറിച്ചത്.

അദ്ദേഹത്തിന്റെ ശ്രമങ്ങളെ പിന്നീട് ഗ്രാമവാസികൾ അംഗീകരിച്ചു. ഒരിക്കലും നടക്കാത്ത സ്വപ്നത്തിൽ നിന്ന് ഒരു ഗ്രാമത്തെ മുഴുവൻ പ്രചോദിപ്പിച്ച കഥ. വറ്റിവരണ്ട ജലാശയങ്ങളും തരിശുഭൂമിയും മാത്രം അവശേഷിച്ച തന്റെ ഗ്രാമത്തെ തിരിച്ചുപിടിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യാൻ സഡിമൻ തീരുമാനിച്ച് ഉറപ്പിച്ചു. പിന്നീടുള്ളത് അതിലേക്കുള്ള യാത്രയായിരുന്നു. തരിശു ഭൂമിയിലെ വെള്ളം പിടിച്ചു നിർത്തുകയായിരുന്നു ആദ്യം ചെയ്യാനുണ്ടായിരുന്നത്. അതിനുള്ള അന്വേഷണവും ശ്രമങ്ങളും എത്തിച്ചേർന്നത് ആൽമരം വെച്ചുപിടിപ്പിക്കുക എന്ന ഉത്തരത്തിലേക്കാണ്. മണ്ണിൽ ജലം പിടിച്ചുനിർത്താനുള്ള ആൽമരത്തിന്റെ ശേഷി ഉപയോഗിച്ച് മണ്ണൊലിപ്പ് തടഞ്ഞ് വെള്ളം മണ്ണിൽ സംഭരിക്കാൻ അവ ഏറെ സഹായകമായി.

ഇത് ആ പ്രദേശത്തെ ജലക്ഷാമത്തിനുള്ള പരിഹാരമായി. വെള്ളത്തിന് പരിഹാരമായതോടെ തന്നെ അത് കൃഷിയ്ക്ക് സഹായകമായി. ഇന്ന് ആ ഗ്രാമം പച്ചപ്പിനാൽ സമൃദ്ധമാണ്. സഡിമന് കൂട്ടിനിപ്പോൾ ഗ്രാമവാസികളും ഉണ്ട്. സഡിമൻ മുത്തച്ഛനാണ് ഗ്രാമത്തിലെ താരം. നമുക്ക് ഓരോരുത്തർക്കും മുന്നിൽ അദ്ദേഹം വെക്കുന്ന പാഠങ്ങൾ വളരെ വലുതാണ്. ഈ സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാൻ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന ഓർമപ്പെടുത്തൽ കൂടെ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here