പത്തുകോടിയിൽ ഒന്ന്, അപൂർവങ്ങളിൽ അപൂർവം; നീല നിറത്തിലുള്ള കോട്ടൺ കാൻഡി ലോബ്സ്റ്ററുകൾ…

എന്തെല്ലാം വ്യത്യസ്തമായ സൃഷ്ടികളാണ് ഈ ഭൂമിയിൽ ഉള്ളത്. അത്ഭുതം തോന്നുന്ന കൗതുകങ്ങൾ നിറഞ്ഞ നിരവധി കാഴ്ചകൾ. അങ്ങനെ അപൂർവ്വത്തിൽ അപൂർവമായ ഒരു ചെമ്മീനാണ് ഇപ്പോൾ വലയിലായിരിക്കുന്നത്. അപൂർവ്വം എന്ന് ചുമ്മ പറഞ്ഞതല്ല കേട്ടോ. പത്ത് കോടി ചെമ്മീനുകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന വളരെ വിരളമായി കാണപ്പെടുന്ന ചെമ്മീനാണിത്. അമേരിക്കയിലെ മെയിനില്‍ നിന്നാണ് ഈ ലോബ്സ്റ്റർ വലയിലായിരിക്കുന്നത്. കാസ്കോ മേഖലയിൽ ചെമ്മീനുകളെ വലവീശാൻ കരാറെടുത്തിട്ടുള്ള ഗെറ്റ് മെയിന്‍ ലോബ്സ്റ്റര്‍ എന്ന കമ്പനിയിലെ ബിൽ കോപ്പർസ്മിത്ത് എന്ന തൊഴിലാളിയ്ക്കാണ് ഈ ലോബ്സ്റ്ററിനെ കിട്ടിയത്. തന്റെ സംഘത്തോടൊപ്പം മൽസ്യബന്ധനം നടത്തുമ്പോഴാണ് അദ്ദേഹത്തിന് തിളങ്ങുന്ന നീല നിറത്തിലുള്ള അത്യപൂർവ്വമായ വലിയ ചെമ്മീൻ ലഭിച്ചത്.
ലോബ്സ്റ്ററിനെ കിട്ടിയപ്പോൾ തന്നെ എന്തോ പ്രത്യേകതയുള്ള ചെമ്മീനാണിതെന്ന് ബില്ലിന് മനസ്സിലായിരുന്നു. ഒറ്റ നോക്കിൽ തന്നെ ഏറെ വ്യത്യസ്തമായിരുന്നു അതിന്റെ രൂപഭംഗി. എങ്കിലും പത്തുകോടിയിൽ ഒന്നായ അത്യപൂർവ ചെമ്മീനാണിതെന്നും ഇത്ര വാർത്ത പ്രാധാന്യം നേടുമെന്നും ബിൽ കരുതിയില്ല. അപൂർവമായ ചെമ്മീനാണിതെന്ന് മനസിലാക്കിയ കമ്പനി അധികൃതർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് വിവിധ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളെയും വിവരം അറിയിച്ചു. നീല നിറത്തിലുള്ള ചെമ്മീനുകൾ വളരെ അപൂർവ്വമായതുകൊണ്ട് കടലിൽ എത്ര ഇതുപോലത്തെ ചെമ്മീനുകൾ ഉണ്ട് എന്നത് വ്യക്തമല്ല. അതുകൊണ്ട് പത്തുകോടിയിൽ ഒന്ന് എന്ന രീതിയിലാണ് കമ്പനി ഈ ലോബ്സ്റ്ററിനെ വിശേഷിപ്പിച്ചത്.
പേരക്കുട്ടിയുടെ പേരായ ഹാഡി എന്ന പേരാണ് ഈ നീല ലോബ്സ്റ്ററിന് ബിൽ നൽകിയത്. നീല മാത്രമല്ല ഓറഞ്ചും പിങ്കും നിറത്തിലെല്ലാം ലോബ്സ്റ്റർ കാണപ്പെടാറുണ്ട്. പക്ഷെ ഇതാദ്യമായാണ് നീല നിറത്തിലുള്ള ലോബ്സ്റ്റർ വലയിലാകുന്നത് എന്ന് കമ്പനി അധികൃതർ പറയുന്നു. സാധാരണ നിറത്തിൽ നിന്ന് ഈ ചെമ്മീനുകൾ വ്യത്യസ്തമാകാൻ കാരണം അതിന്റെ തൊലിപ്പുറത്തിന് സ്വാഭാവിക നിറം നൽകുന്ന അസ്റ്റാക്സാന്തിന്‍ എന്ന ഘടകത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ നിറ വ്യത്യാസത്തിന് കാരണം. ഈ നീല നിറത്തിലുള്ള ലോബ്സ്റ്ററിനെ കോട്ടൺ കാൻഡി ലോബ്സ്റ്ററുകൾ എന്നും വിളിക്കുന്നു. ഹാഡി ലോബ്സ്റ്ററിനെ സുരക്ഷിതമായി സീ കോസ്റ്റ് സയന്‍സ് എന്ന ഗവേഷണ സ്ഥാപനത്തിന് കൈമാറാനാണ് തീരുമാനം. കടലിലേക്ക് തിരികെ വിട്ടാൽ വേട്ടക്കാരായ ജീവികളുടെ പിടിയിൽ പെട്ട് അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.
Stroy Highlights: Cotton Candy-Colored Lobster Is Very Rare Phenomenon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here