പരിശീലക സ്ഥാനത്തേക്ക് ഗാരി കേർസ്റ്റണെയും ആശിഷ് നെഹ്റയെയും എത്തിക്കാനുള്ള ശ്രമവുമായി ലക്നൗ ഫ്രാഞ്ചൈസി

ഗാരി കേർസ്റ്റണെയും ആശിഷ് നെഹ്റയെയും പരിശീലക സംഘത്തിൽ എത്തിക്കുന്നതിനായി പുതിയ ഐപിഎൽ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസി ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്. 2011 ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന നെഹ്റയും ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായിരുന്ന കേർസ്റ്റണും പിന്നീട് ആർസിബി പരിശീലക സംഘത്തിലും ഉൾപ്പെട്ടിരുന്നു. (Lucknow Nehra Gary Kirsten)
രണ്ട് പേരിൽ ഒരാളെ മുഖ്യ പരിശീലകനായും അടുത്തയാളെ കൺസൾട്ടൻ്റായും ടീമിലെത്തിക്കാനാണ് ലക്നൗ ഫ്രാഞ്ചൈസിയുടെ ശ്രമം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ടി-20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി പുതിയ ഐപിഎൽ ടീമായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പരിശീലകനായേക്കുമെന്നും സൂചനയുണ്ട്. ശാസ്ത്രിക്കൊപ്പം നിലവിൽ ഇന്ത്യൻ ടീം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവരെയും ഫ്രാഞ്ചൈസി പരിശീലക സംഘത്തിൽ എത്തിച്ചേക്കും.
Read Also : ശാസ്ത്രിയും സംഘവും അഹ്മദാബാദ് ഐപിഎൽ ടീം പരിശീലക സ്ഥാനത്തേക്കെന്ന് സൂചന
അതേസമയം, എൻസിഎയിൽ ബൗളിംഗ് പരിശീലകനായിരുന്ന പരസ് മാംബ്രെ തന്നെ ഇന്ത്യൻ ടീമിൻ്റെയും ബൗളിംഗ് പരിശീലകനാവുമെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ദ്രാവിഡിനൊപ്പം പ്രവർത്തിച്ചയാളാണ് മാംബ്രെ. അതുകൊണ്ട് തന്നെ മാംബ്രെ ദ്രാവിഡിനൊപ്പം ദേശീയ ടീമിലേക്കും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഭരത് അരുണിൻ്റെ കാലാവധി തീർന്നതോടെയാണ് മാംബ്രെ എത്തുന്നത്.
അതേസമയം, ആർ ശ്രീധറിനു പകരം ടി ദിലീപ് ഫീൽഡിംഗ് പരിശീലകനാവുമെന്നും വിവരമുണ്ട്. ഇന്ത്യ എ, ഹൈദരാബാദ് ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ദിലീപ്. ഇരുവരെയും നിയമിക്കുന്നതിൽ ദ്രാവിഡിൻ്റെ അഭിപ്രായം നിർണായകമായി എന്നാണ് റിപ്പോർട്ട്. ഇക്കൊല്ലം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡ്, മാംബ്രെ, ദിലീപ് സംഘമാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.
ഈ മാസം 17 മുതലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം. 3 ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ. 25 മുതൽ 28 വരെ ആദ്യ ടെസ്റ്റും ഡിസംബർ 3 മുതൽ 7 വരെ രണ്ടാം ടെസ്റ്റും നടക്കും.
Stroy Highlights: Lucknow Franchise Ashish Nehra Gary Kirsten Coaching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here