മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തി കൊന്നു

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ കടയുടമയെ കവർച്ചക്കാർ കുത്തി കൊന്നു. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇലക്ട്രോണിക്‌സ് ഷോപ്പിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്നും ലഭിച്ചു.
രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കമലേഷ്. ഈ സമയം മുഖംമൂടി ധരിച്ച രണ്ട് പേർ കടയിലേക്ക് പ്രവേശിച്ചു. പ്രതികളിലൊരാൾ ഉടമയുടെ അടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. അയാൾ ഉടൻ തന്നെ തോക്ക് പുറത്തെടുത്ത് ഉടമയ്ക്ക് നേരെ ചൂണ്ടുന്നു. മറ്റൊരു പ്രതി പിന്നിൽ നിന്ന് വാൾ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അക്രമികളെ ചെറുക്കാൻ കടയുടമ ശ്രമിക്കുന്നതിനിടെ പ്രതികൾ വാളുകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ രക്തത്തിൽ കുളിച്ച് അവശനിലയിലായ കടയുടമ ഉടൻ തന്നെ മരിച്ചു. പിന്നലെ കടയിൽ നിന്ന് മോഷ്ടിച്ച പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി പ്രതികൾ രക്ഷപ്പെട്ടു. പ്രദേശത്തെ വ്യാപാരികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here