കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റീ ജീവനക്കാര്‍ മർദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനം. ആറ്റിങ്ങൽ സ്വദേശി അരുൺ ദേവിനാണ് മർദ്ദനമേറ്റത്. ഇന്നലെ തർക്കത്തെ തുടർന്ന് രണ്ടു സെക്യൂരിറ്റി ജീവനക്കാർ ആദ്യം മർദ്ദിച്ചെന്നും, പൊലീസിൽ അറിയിച്ചതിനു ഇന്ന് വീണ്ടും സംഘം ചേർന്ന് മർദ്ദിച്ചെന്നുമാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിന് ചൊല്ലി തർക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദ്ദിച്ചു. മർദ്ദനമേറ്റ അരുൺ കോളജ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദ്ദിച്ചു.
മർദ്ദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.അതേസമയം സംഭവം വാർത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് വിഷയത്തിൽ ഇടപെട്ടു. കൂട്ടിരുപ്പുകാരന്റെ പരാതിയിന്മേല് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here