ബിബിഎലിലെ മികച്ച താരമാവുന്ന ആദ്യ ഇന്ത്യക്കാരിയായി ഹർമൻപ്രീത് കൗർ

വനിതാ ബിഗ് ബാഷ് ലീഗിലെ പ്ലയർ ഓഫ് ദ ടൂർണമെൻ്റാവുന്ന ആദ്യ ഇന്ത്യൻ താരമായി ദേശീയ ടി-20 ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ. സീസണിൽ മെൽബൺ റെനഗേഡ്സിൻ്റെ താരമായ ഹർമൻ 399 റൺസും 15 വിക്കറ്റും നേടിയാണ് ടൂർണമെൻ്റിലെ താരമായത്. നോക്കൗട്ട് മത്സരങ്ങൾ നടക്കുകയാണെങ്കിലും ബിഗ് ബാഷിൽ ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ തന്നെ മികച്ച താരത്തിനുള്ള വോട്ടെടുപ്പ് നടത്തും. ഇതിൽ ഹർമന് 31 വോട്ടുകൾ ലഭിച്ചു. പെർത്ത് സ്കോർച്ചേഴ്സ് താരങ്ങളായ ബെത്ത് മൂണി, സോഫി ഡിവൈൻ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. 28 പോയിൻ്റുകൾ വീതമാണ് ഇവർക്കുള്ളത്.
സിഡ്നി തണ്ടർ ടീമിൻ്റെ ഫീബി ലിച്ച്ഫീൽഡ് മികച്ച യുവതാരമായി. 263 റൺസാണ് ടൂർണമെൻ്റിൽ താരത്തിൻ്റെ സമ്പാദ്യം. നോക്കൗട്ട് ഘട്ടത്തിൽ ബ്രിസ്ബേൻ ഹീറ്റ്, അഡലെയ്ഡ് സ്ട്രൈക്കേഴ്സ്, മെൽബൺ റെനഗേഡ്സ്, പെർത്ത് സ്കോർച്ചേഴ്സ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുക. പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിയ പെർത്ത് ഫൈനൽ പ്രവേശനം നേടി. ഇന്ന് നടക്കുന്ന എലിമിനേറ്ററിൽ ബ്രിസ്ബേൻ ഹീറ്റ്, അഡലെയ്ഡ് സ്ട്രൈക്കേഴ്സ് ടീമുകൾ ഏറ്റുമുട്ടുകയാണ്. ഇതിലെ വിജയികൾ നാളെ നടക്കുന്ന ചലഞ്ചർ മത്സരത്തിൽ മെൽബൺ റെനഗേഡ്സുമായി കൊമ്പുകോർക്കും. ഈ മത്സരത്തി വിജയിക്കുന്ന ടീമാവും പെർത്തിനൊപ്പം ഫൈനൽ കളിക്കുക.
Story Highlights : Harmanpreet Kaur WBBL Player Of The Tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here