Advertisement

ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് ടിം പെയ്‌ൻ; പാറ്റ് കമ്മിൻസ് ഓസീസ് നായകൻ

November 26, 2021
Google News 2 minutes Read
tim paine pat cummins

ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റൻ ടിം പെയ്‌ൻ. അശ്ലീല സന്ദേശ വിവാദത്തിനെ തുടർന്ന് ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പെയ്‌ൻ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ടീമിൽ നിന്ന് മാറിനിൽക്കില്ലെന്ന് താരം അറിയിച്ചിരുന്നു. എന്നാൽ, ആ നിലപാട് മാറ്റിയാണ് പുതിയ തീരുമാനം. (tim paine pat cummins)

ടാസ്മാനിക്കായി ഏകദിന കപ്പ് മാച്ച് കളിക്കേണ്ട പെയ്ൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയ ക്രിക്കറ്റും താരത്തിനു പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പെയ്‌ൻ്റെ അഭാവത്തിൽ അലക്സ് കാരിയോ ജോഷ് ഇംഗ്ലിസോ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും. ഡിസംബർ 8ന് ഗാബയിലാണ് ആഷസ് പരമ്പര ആരംഭിക്കുക.

Read Also: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത് വിവാദമായി; ടിം പെയ്‌ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

അതേസമയം, ടിം പെയ്നു പകരക്കാരനായി പാറ്റ് കമ്മിൻസ് ഓസീസ് നായകനാവും. ഓസീസ് ടെസ്റ്റ് ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡും ഇതോടെ കമ്മിൻസിനു സ്വന്തമായി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതിരുന്നതിനാൽ 1965ലെ ഇന്ത്യൻ പര്യടനത്തിൽ റേ ലിൻഡ്‌വാൽ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായിരുന്നു.മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. സ്മിത്തിനെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നു എങ്കിലും 2018ലെ സാൻഡ് പേപ്പർ വിവാദം തിരിച്ചടിയാവുകയായിരുന്നു.

2017ലാണ് പെയ്ൻ്റെ രാജിയിലേക്ക് വഴിതെളിച്ച വിവാദ സംഭവം നടന്നത്. ടാസ്മാനിയൻ ടീമിൽ ഉണ്ടായിരുന്ന പെയ്ൻ അന്ന് സഹപ്രവർത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടക്കുകയും പെയ്ൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ടാസ്മാനിയ ക്രിക്കറ്റും അറിയിച്ചു. എന്നാൽ, ഇപ്പോൾ ആ മെസേജ് പരസ്യമായെന്ന് താൻ അറിഞ്ഞു എന്നും അതിനാൽ ക്യാപ്റ്റനായുള്ള തൻ്റെ സ്ഥാനം ഒഴിയുകയാണെന്നും പെയ്ൻ വാർത്താകുറിപ്പിൽ അറിയിച്ചു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ടീമിൽ തന്നെ തുടരുമെന്നും താരം പറഞ്ഞു. ആ തീരുമാനം മാറ്റിയാണ് ഇപ്പോൾ താരം ഇടവേളയെടുത്തത്.

Story Highlights : tim paine break pat cummins australia captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here