വഴിവെട്ടുന്നതിനിടെയുണ്ടായ തര്‍ക്കം; യുവതിയെ ആക്രമിച്ച മുപ്പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് കൊളാവിയില്‍ യുവതിയെ ആക്രമിച്ച മുപ്പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ലിഷ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. തന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ട ലിഷ പണി തടസപ്പെടുത്തി. റോഡ് നിര്‍മാണത്തിനായി ലോറിയില്‍ കൊണ്ടുവന്ന മണ്ണ് പുരയിടത്തിലിറക്കാന്‍ ശ്രമിച്ച സംഘത്തെയും തടഞ്ഞു. ലിഷയും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വാക്കുതര്‍ക്കത്തിനിടെ മണ്‍വെട്ടിയുപയോഗിച്ച് സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ലിഷയുടെ മൊഴി.
Read Also : കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം
ലിഷയുടെ പുരയിടത്തിനു സമീപത്തൂടെ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും തര്‍ക്കമുണ്ടായിരുന്നു. ഇരു ചക്ര വാഹനം പുഴയില്‍ തള്ളിയതുള്‍പ്പെടെയുള്ള പരാതി ലിഷ നേരത്തെ പൊലീസില്‍ നല്‍കിയിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അതേസമയം ലിഷയെ അക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് റോഡ് നിര്‍മാണ കമ്മിറ്റി അറിയിച്ചു.
Story Highlights : women attacked, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here