കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ നമ്പറിനായി അപേക്ഷ നൽകി 6 വർഷം കഴിഞ്ഞിട്ടും നമ്പർ നൽകാതെ വീഴ്ച വരുത്തിയ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത സെക്രട്ടറിക്കും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കുമാണ് ഉത്തരവ് നൽകിയത്.
ജീവനക്കാരനിൽ നിന്നും ഈടാക്കിയ ദേശീയ പങ്കാളിത്ത പദ്ധതി പ്രകാരമുള്ള മാസവിഹിതവും പെൻഷൻ അക്കൗണ്ടിലേക്ക് അടയ്ക്കേണ്ട വിഹിതവും 2 മാസത്തിനുള്ളിൽ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. അധികൃതരുടെ അലംഭാവവും കൃത്യ വിലോപവും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും കമ്മീഷൻ നിരീക്ഷിച്ചു. 5 വർഷത്തെ സർവീസിന് ശേഷം 2018ൽ ഇറിഗേഷൻ വകുപ്പിൽ ജോലി കിട്ടിയ ചുള്ളിമാനൂർ സ്വദേശി എസ് ബാബുരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ദേശീയ പങ്കാളിത്ത പെൻഷൻ നമ്പറിനായി പരാതിക്കാരൻ നൽകിയ അപേക്ഷ ബന്ധപ്പെട്ട ഏജൻസിക്ക് 2015 ഡിസംബർ 14 ന് തന്നെ കൈമാറിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. നമ്പർ ലഭിക്കുന്നതിനു മുമ്പ് തന്നെ പരാതിക്കാരനിൽ നിന്നും മാസവിഹിതം സ്വീകരിച്ചു തുടങ്ങി. നമ്പർ ലഭിക്കാത്തതിനാൽ കോർപ്പറേഷന്റെ വിഹിതം അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനിൽ നിന്നും ഈടാക്കിയ 97,961 രൂപ തിരികെ നൽകാമെന്നും കോർപ്പറേഷൻ സമ്മതിച്ചു.
Story Highlights : human-rights-commission-orders-action-against-ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here