ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആർ.സിസ്റ്റം) അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സിസ്റ്റം വാങ്ങാനുള്ള പ്രൊപ്പോസൽ 2026-27 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ അപേക്ഷ ലഭിച്ചാൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ അനുമതി ലഭിച്ചാൽ എത്രയും വേഗം വാങ്ങാനുള്ള നടപടി ഡി.എച്ച്.എസും ഡി.എം.ഒ.യും ജനറൽ ആശുപത്രി സൂപ്രണ്ടും സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജനറൽ ആശുപത്രിയിലെ ചീഫ് റേഡിയോഗ്രാഫറും ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടറും കമ്മീഷൻ സിറ്റിംഗിൽ ഹാജരായി. യു.പി.എസിന്റെ തകരാർ കാരണമാണ് യന്ത്രം പണി മുടക്കിയതെന്നും പുതിയ യു.പി.എസ്. സ്ഥാപിച്ച് നിലവിൽ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ ബാഹുല്യവും നിരന്തര ഉപയോഗവും കാരണം എക്സറേ ഇമേജ് ക്വാളിറ്റിയിൽ ന്യൂനത സംഭവിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഡി.ആർ.സിസ്റ്റം വാങ്ങുന്നതിനുള്ള ഫണ്ടിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതിന് രണ്ടു കോടിയോളം രൂപ വില വരും. ജീവനക്കാർക്ക് എക്സറേ എടുക്കാൻ മുൻഗണന നൽകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ സിസ്റ്റം വാങ്ങാൻ ഫണ്ടില്ലാത്തതിനാൽ 2026-27 ലെ പ്ലാനിൽ പരിഗണിക്കാമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
Story Highlights : Human Rights Commission says a modern X-ray machine is essential in general hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here