എടികെയ്ക്ക് മേൽ ഗോൾമഴ പെയ്യിച്ച് മുംബൈ; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

ഐഎസ്എലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്ക് കൂറ്റൻ ജയം. കരുത്തരായ എടികെ മോഹൻബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി തുരത്തിയത്. മുംബൈക്കായി വിക്രം പ്രതാപ് സിംഗ് രണ്ട് ഗോൾ നേടിയപ്പോൾ ഇഗോർ അംഗൂളോ, മുർതാദ ഫാൾ, ബിപിൻ സിംഗ് എന്നിവരും സ്കോർ ഷീറ്റിൽ ഇടംപിടിച്ചു. ഡേവിഡ് വില്ല്യംസ് ആണ് എടികെയുടെ ആശ്വാസ ഗോൾ നേടിയത്.
ഐഎസ്എലിലെ തൻ്റെ ഏറ്റവും ദയനീയമായ പരാജയമാണ് ഇന്ന് അൻ്റോണിയോ ഹെബാസിന് നേരിടേണ്ടിവന്നത്. കഴിഞ്ഞ സീസണിൽ മുംബൈയിലായിരുന്ന എടികെ മോഹൻ ബഗാൻ ഗോൾ കീപ്പർ അമരീന്ദർ സിംഗിന് തൻ്റെ പഴയ ടീമിൻ്റെ ആക്രമണത്തിൻ്റെ മൂർച്ച മനസ്സിലായ മത്സരം കൂടിയായി ഇത്. ഐഎസ്എലിൽ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെട്ട വിക്രം പ്രതാപ് സിംഗ് ആദ്യ 25 മിനിട്ടിൽ തന്നെ രണ്ട് വട്ടം അമരീന്ദറിനെ മറികടന്നു. 4, 25 മിനിട്ടുകളിൽ പിറന്ന ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ബിപിൻ സിംഗ് ആയിരുന്നു. 38ആം മിനിട്ടിൽ ഇഗോർ അംഗൂളോ മുംബൈയുടെ മൂന്നാം ഗോൾ നേടി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ എടികെ താരം ദീപക് താങ്രി ചുവപ്പു കാർഡ് ലഭിച്ച് പുറത്ത്. തൊട്ടടുത്ത മിനിട്ടിൽ മുർതാദ ഫാളും 52ആം മിനിട്ടിൽ ബിപിൻ സിംഗും ലക്ഷ്യം ഭേദിച്ചു. അഹ്മദ് ജാഹൂ, ഇഗോർ അംഗൂളോ എന്നിവരാണ് ഇരുവരുടെയും ഗോളിന് വഴിയൊരുക്കിയത്. 60ആം മിനിട്ടിൽ ജോണി കൗകോയുടെ അസിസ്റ്റിൽ നിന്ന് ഡേവിഡ് വില്ല്യംസ് എടികെയ്ക്കായി ഒരു ഗോൾ മടക്കി.
Story Highlights : mumbai city fc won atk mohun bagan isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here