Advertisement

പുറത്തുപോയവരും നിലനിൽക്കുന്നവരും; ഐപിഎൽ റിട്ടൻഷൻ അവലോകനം

December 2, 2021
2 minutes Read
ipl players retention review

10 ടീമുകളുടെ പോരാട്ടമായി ഐപിഎൽ മാറുന്നതിനു മുൻപുള്ള റിട്ടൻഷൻ മഹാമഹം അവസാനിച്ചു. പല വലിയ പേരുകാരും നിലവിൽ ടീമില്ലാത്ത അവസ്ഥയിലാണ്. ചില ടീമുകൾ പ്രവചനങ്ങൾക്കനുസരിച്ച് പെരുമാറിയപ്പോൾ ചിലർ പ്രകടങ്ങളെ തകിടം മറിച്ചു. നമുക്ക് ടീമുകളുടെ റിട്ടൻഷൻ ഒന്ന് പരിശോധിക്കാം. (ipl players retention review)

ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ ടീമുകളാണ് 4 താരങ്ങളെ വീതം നിലനിർത്തിയത്. ഇതിൽ ഏറ്റവും തലവേദന മുംബൈ ഇന്ത്യൻസിനായിരുന്നു. വർഷങ്ങളായി ടീം സെറ്റപ്പിലുള്ള പല താരങ്ങളെയും അവർക്ക് ഒഴിവാക്കേണ്ടിവന്നു. മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് ക്യാപ്റ്റൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബുംറ, ബാറ്റർ സൂര്യകുമാർ യാദവ്, വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് എന്നിവരെ. ഹാർദ്ദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ട്രെൻ്റ് ബോൾട്ട്, ക്വിൻ്റൺ ഡികോക്ക് തുടങ്ങിയ വമ്പൻ പേരുകളുൾപ്പെടെയുള്ളവർക്ക് ടീമിൽ തുടരാനായില്ല. ഒറ്റക്ക് മാച്ച് വിജയിക്കാൻ ശേഷിയുണ്ടെങ്കിലും 34 വയസ്സായ പൊള്ളാർഡിനെ നിലനിർത്തിയത് അതിശയിപ്പിച്ചു. വെറും 6 കോടി രൂപയ്ക്ക് പോളിയെ നിലനിർത്തിയത് ഒരു നേട്ടമാണെങ്കിലും അതിനു ത്യജിക്കേണ്ടിവന്നത് ലേലത്തിൽ അനായാസം 10 കോടി രൂപ ലഭിക്കാവുന്ന, ഇന്ത്യൻ പേസ് ബൗളിംഗ് ഓൾറൗണ്ടർ എന്ന അപൂർവ വിശേഷണമുള്ള ഹാർദ്ദിക്കിനെ. സമീപകാലത്തായി ഹാർദ്ദിക് ഹോമിലല്ലെങ്കിലും പൂർണ ഫിറ്റാവുമ്പോൾ ഹാർദ്ദിക്കിനെക്കാൾ മികച്ച മാച്ച്‌വിന്നർ കുറവാണ്. ബാക്കിയുള്ള റിട്ടൻഷനുകൾ മികച്ചത് തന്നെയാണ്. കിഷനെ ലേലത്തിൽ തിരികെ വാങ്ങാമെന്നാവും മുംബൈ കരുതുന്നത്. എന്നാൽ, വിക്കറ്റ് കീപ്പറായ, ഓപ്പണറായ ഇന്ത്യൻ യുവതാരമെന്ന നിലയിൽ കിഷൻ ഒരു ദീർഘകാല പ്രൊഡക്ടാണ്. ലേലത്തിൽ വമ്പൻ വില ലഭിക്കാനിടയുണ്ട്.

ഡൽഹി ക്യാപിറ്റൽസിനും റിട്ടൻഷൻ ഏറെ പ്രശ്നമായി. ശ്രേയാസ് ടീമിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നു എന്നതു മുതൽ അവരുടെ തലവേദന ആരംഭിച്ചു. എങ്കിലും ഋഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച് നോർക്കിയ എന്നിവരെ നിലനിർത്തിയവരിലൂടെ ഡൽഹി ഏറെ ബുദ്ധിപരമായാണ് കളിച്ചത്. പൃഥ്വി ഷാ സ്ഥിരതയില്ലാത്ത താരമാണെങ്കിലും പരിശീലകൻ റിക്കി പോണ്ടിംഗിൻ്റെ പേഴ്സണൽ ഫേവരിറ്റാണ്. പൃഥ്വിക്ക് പകരം റബാഡയും നല്ല ചോയ്സായിരുന്നു. പക്ഷേ, മേല്പറഞ്ഞ ഇന്ത്യൻ യുവതാരമെന്നത് പരിഗണിക്കുമ്പോൾ പൃഥ്വിക്ക് ലേലത്തിൽ ഉയർന്ന വില ലഭിച്ചേനെ. നോർക്കിയയെ വെറും നാലരക്കോടി രൂപയ്ക്ക് നിലനിർത്തിയത് അക്ഷരാർത്ഥത്തിൽ മോഷണമായി. ലേലത്തിൽ വന്നിരുന്നെങ്കിൽ അനായാസം 7-8 കോടി രൂപ നോർക്കിയക്ക് ലഭിച്ചേനെ.

ജഡേജ, ധോണി, മൊയീൻ, ഋതുരാജ് എന്നിവരെ നിലനിർത്തിയതിലൂടെ ചെന്നൈയും ബുദ്ധിപരമായി കരുക്കൾ നീക്കി. ഫാഫ് ഡുപ്ലെസി, സാം കറൻ, ഇമ്രാൻ താഹിർ, ശർദ്ദുൽ താക്കൂർ തുടങ്ങിയവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനികൾ. ഇതിൽ ഫാഫിന് 37ഉം താഹിറിന് 42ഉം വയസായി. ഇരുവർക്കും ലേലത്തിൽ ഉയർന്ന വില ലഭിക്കാനിടയില്ല. ചെന്നൈക്ക് തന്നെ വിളിച്ചെടുക്കാൻ കഴിഞ്ഞേക്കും. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്തിയില്ലെന്നതിനാൽ സാം കറനും ലേലത്തിൽ ഉയർന്ന വില ലഭിച്ചേക്കില്ല. പിന്നെയുള്ളത് താക്കൂറാണ്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കഴിഞ്ഞ കുറേ കാലമായി മികച്ച പ്രകടനം നടത്തുന്ന താക്കൂറിന് ലേലത്തിൽ ഉയർന്ന വില ലഭിക്കാനിടയുണ്ട്.

ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ, സുനിൽ നരേൻ എന്നിവരെയാണ് കൊൽക്കത്ത ഒപ്പം കൂട്ടിയത്. ഷക്കിബ് അൽ ഹസൻ, ലോക്കി ഫെർഗൂസൻ തുടങ്ങിയ മികച്ച താരങ്ങളെ പുറത്തിരുത്തിയാണ് കൊൽക്കത്ത 8 കോടി രൂപ നൽകി വരുൺ ചക്രവർത്തിയെ നിലനിർത്തിയത്. ലേലത്തിൽ വന്നിരുന്നെങ്കിലും 4-5 കോടിക്കപ്പുറം കിട്ടാൻ സാധ്യതയില്ലാത്ത താരത്തെ നിലനിർത്തിയ കൊൽക്കത്ത മണ്ടത്തരം ചെയ്തു എന്ന് തോന്നുന്നു. മറ്റ് റിട്ടൻഷനുകൾ തരക്കേടില്ലാത്തതാണ്.

രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സും സൺറൈസേഴ്സും മൂന്ന് പേരെ വീതം നിലനിർത്തി. സഞ്ജു, ബട്‌ലർ, യശസ്വി എന്നിവരെ നിലനിർത്തിയ രാജസ്ഥാൻ്റെ നീക്കം തെറ്റുപറയാൻ കഴിയാത്തതാണ്. സ്റ്റോക്സ് ഒരിക്കലും ടി-20യിൽ പ്രെയ്സ് ടാഗിനു പറ്റിയ കളിക്കാരനല്ല. ആർച്ചർ പരുക്ക് മാറി എപ്പോൾ തിരികെയെത്തുമെന്ന് പറയാനാവില്ല. ആർച്ചറെ കുറഞ്ഞ വിലക്ക് വിളിച്ചെടുക്കാമെന്ന് രാജസ്ഥാൻ കരുതുന്നുണ്ടാവാം. ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ലിയാം ലിവിങ്സ്റ്റൺ, മുസ്തഫിസുർ റഹ്മാൻ, ചേതൻ സക്കരിയ എന്നിവരാണ് ഒഴിവാക്കിയവരിൽ പ്രമുഖർ. ലിവിങ്സ്റ്റണും മോറിസും രാജസ്ഥാനിൽ മോശം പ്രകടനങ്ങൾ നടത്തിയവരാണ്. പക്ഷേ, ലോകകപ്പിലെയും ടി-10 ടൂർണമെൻ്റിലെയുമൊക്കെ പ്രകടനം ലിവിങ്സ്റ്റണ് ലേലത്തിൽ പൊന്നും വില നൽകാനിടയുണ്ട്. ലിവിങ്സ്റ്റണെ നിലനിർത്തിയാൽ വീണ്ടും ഒരു ചാൻസ് എടുക്കാമായിരുന്നു. പക്ഷേ, ഒഴിവാക്കിയതിൽ തെറ്റ് പറയാനാവില്ല. മോറിസ് അൺസോൾഡായാൽ പോലും അതിശയിക്കാനില്ല. മില്ലർ വിശ്വസിക്കാൻ കഴിയാത്ത പ്ലയറാണ്. ചേതൻ സക്കരിയയെ നിലനിർത്താതിരുന്നത് ബുദ്ധിപരമായി. കാരണം, ചേതൻ അൺകാപ്പ്ഡ് പ്ലയറല്ല. നിലനിർത്താൻ പണം കൂടുതൽ നൽകണം. ലേലത്തിൽ അതിലും താഴ്ന്ന വിലക്ക് ചേതനെ ലഭിച്ചേക്കാം.

കോലി, മാക്സ്‌വൽ എന്നിവർക്കൊപ്പം ആർസിബി നിലനിർത്തിയത് മുഹമ്മദ് സിറാജിനെയാണ്. തെറ്റില്ലാത്ത റിട്ടൻഷനാണെങ്കിലും കഴിഞ്ഞ സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിനെ നാലാമനായെങ്കിലും നിലനിർത്താതിരുന്നത് ഞെട്ടിപ്പിച്ചു. യുസ്‌വേന്ദ്ര ചഹാലും ടീമിൽ തുടരാൻ അർഹതയുണ്ടായിരുന്ന താരമാണ്. ചഹാലിനെ കുറഞ്ഞ വിലക്ക് ലേലത്തിൽ തിരികെയെടുക്കാൻ കഴിഞ്ഞാലും ഹർഷലിനെ തിരികെയെടുക്കാൻ ബുദ്ധിമുട്ടും. ഹർഷലിനെ നിലനിർത്താത്തത് ബെംഗളൂരുവിൻ്റെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായി ചരിത്രം എണ്ണും. 10-12 കോടി രൂപയ്ക്ക് ഹർഷലിനെ ആരെങ്കിലും ലേലം കൊള്ളും. ദേവ്ദത്ത് പവർപ്ലേയ്ക്ക് ശേഷം ബുദ്ധിമുട്ടുന്ന താരമായതിനാൽ വിട്ടുകളഞ്ഞത് ബുദ്ധിയായി.

റാഷിദ് ഖാനെ വിട്ടുകളഞ്ഞത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തീരുമാനമാണ്. ഏതാനും വർഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന, മാച്ച് വിന്നറായ റാഷിദിനെ കൊത്തിക്കൊണ്ടുപോകാൻ ടീമുകൾ ഇപ്പോൾ തന്നെ വലിയ തുക നീക്കിവച്ചിട്ടുണ്ടാവും. 15 കോടിയ്ക്ക് മുകളിൽ അനായാസം റാഷിദിനു കിട്ടും. റാഷിദിനു മുകളിൽ വില്ല്യംസണെ പരിഗണിക്കുക എന്നത് മണ്ടത്തരം തന്നെയാണ്. അബ്ദുൽ സമദിനെയും ഉമ്രാൻ മാലിക്കിനെയും 4 കോടി കൊടുത്ത് നിലനിർത്തിയതും അത്ര നല്ല തീരുമാനമല്ല. ഉമ്രാനെയെങ്കിലും 4 കോടി രൂപയ്ക്ക് താഴെ ലേലത്തിൽ നിന്ന് തിരികെയെടുക്കാൻ കഴിഞ്ഞേനെ. നടരാജൻ, ഭുവനേശ്വർ കുമാർ, മുജീബ് റഹ്മാൻ, ജേസൻ ഹോൾഡർ, മനീഷ് പാണ്ഡെ എന്നിങ്ങനെ ഹൈദരാബാദ് വിട്ടുകളഞ്ഞ മികച്ച താരങ്ങൾ നിരവധിയാണ്.

പഞ്ചാബ് രണ്ട് താരങ്ങളെ മാത്രമേ നിലനിർത്തിയുള്ളൂ. രാഹുൽ പുറത്തുപോകാൻ ആഗ്രഹിച്ചത് അവർക്ക് കനത്ത തിരിച്ചടിയായി. അഗർവാളും അർഷ്‌ദീപും. രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, എയ്ഡൻ മാർക്രം തുടങ്ങിയ ഗംഭീര താരങ്ങളെ പരിഗണിക്കാൻ തയ്യാറാവാതിരുന്ന പഞ്ചാബ് വീണ്ടും കീശയിൽ നിറയെ കാശുമായി ലേലത്തിൽ പങ്കെടുക്കാൻ എത്തുകയാണ്. വെറും 4 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്താവുന്ന ബിഷ്ണോയിയെ വിട്ടുകളഞ്ഞതാണ് ഏറെ ആശ്ചര്യപ്പെടുത്തിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരപ്പെടാൻ പോകുന്ന താരമാണ് ബിഷ്ണോയ്. ലേലത്തിൽ 5-6 കോടി രൂപയെങ്കിലും ബിഷ്ണോയ്ക്ക് ലഭിച്ചേക്കും.

റിട്ടൻഷനിൽ ഹൈദരാബാദും പഞ്ചാബും അമ്പേ നിരാശപ്പെടുത്തിയപ്പോൾ മറ്റ് ടീമുകൾ തരക്കേടില്ലാതെ കളിച്ചു. രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരാണ് ഏറെ ബുദ്ധിപരമായി റിട്ടൻഷനെ സമീപിച്ചത്.

Story Highlights : ipl players retention review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top