തിരുവല്ലയില്‍ സിപിഐഎം നേതാവിന്റെ കൊലപാതകം; നാല് പ്രതികള്‍ കസ്റ്റഡിയില്‍

തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു ചാത്തങ്കേരി, നന്ദു, പ്രമോദ്, ഫൈസി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഉള്‍പ്പെട്ട വേങ്ങല്‍ സ്വദേശി അഭി എന്നയാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നതായി എസ്പി ആര്‍ നിശാന്തിനി 24നോട് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലില്‍ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Also : സിപിഐഎം പ്രാദേശിക നേതാവിന്റെ കൊലപാതകം ആസൂത്രിതം, പിന്നിൽ ആർഎസ്എസ് ക്രിമിനലുകൾ; എ വിജയരാഘവൻ
അതേസമയം കൊലപാതകം ആസൂത്രിതമെന്ന് സിപ ഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ് എസ് ശ്രമത്തിന്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
Story Highlights : thiruvalla murder, CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here