മെഡിക്കല്‍ കോളജില്‍ വാർഷികാഘോഷം; 43 പേർക്ക് കൊവിഡ്

തെലങ്കാനയിൽ മെഡിക്കൽ കോളജിലെ 43 പേർക്ക് കൊവിഡ്. കരിംനഗറിലെ ചൽമേഡ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പത്തിമൂന്ന് വിദ്യാർത്ഥികൾക്കും പത്ത് ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കോളജില്‍ വാർഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതാവാം രോഗവ്യാപനത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ.
കോളജിലെ 43 പേർക്ക് കൊവീഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലാസുകളെല്ലാം നിർത്തിവച്ച്, ക്യാമ്പസ് അടച്ചുവെന്നും കോളജ് അധികൃതർ അറിയിച്ചു. കോളജിൽ വാർഷികാഘോഷ പരിപാടി നടക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ആഘോഷ പരിപാടി നടന്നതെന്നാണ് റിപ്പോർട്ട്. മാസ്ക ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലരും പരിപാടിയില്‍ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഇരുന്നൂറില്‍ ഏറെപ്പേരെ പരിശോധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
തിങ്കളാഴ്ച ക്യാംപസില്‍ മെഗാ ക്യാംപ് സംഘടിപ്പിച്ച് ആയിരത്തോളം പേരുടെ പരിശോധന നടത്തും. എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും പരിശോധനയില്‍ പങ്കെടുക്കണമെന്ന നിര്‍ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഗറെഡ്ഡിയിലെ ഒരു സ്കൂളിൽ 24 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights : 43 students from medical college gets covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here