വിജയ് ഹസാരെ: സച്ചിൻ ബേബിയ്ക്ക് ഫിഫ്റ്റി; ഛണ്ഡീഗഡിനെതിരെ കേരളത്തിനു ജയം

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനു ജയം. ഛണ്ഡീഗഡിനെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഛണ്ഡീഗഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടിയപ്പോൾ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 34 ഓവറിൽ വിജയലക്ഷ്യം മറികടന്നു. കേരളത്തിനായി സച്ചിൻ ബേബി (59 നോട്ടൗട്ട്) ടോപ്പ് സ്കോററായി.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു കേരള ബൗളർമാരുടെ പ്രകടനം. ക്യാപ്റ്റൻ മനൻ വോഹ്റ (56) മാത്രമാണ് ഛണ്ഡീഗഡിനായി തിളങ്ങിയത്. ഛണ്ഡീഗഡ് നിരയിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ഇരട്ടയക്കം കടന്നെങ്കിലും ഒരാൾക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. സിജോമോൻ ജോസഫ് കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ മുഹമ്മദ് അസ്‌ഹറുദ്ദീനെ വേഗം നഷ്ടമായെങ്കിലും രോഹൻ കുന്നുമ്മലും സഞ്ജു സാംസണും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. എന്നാൽ, 24 റൺസെടുത്ത സഞ്ജു പുറത്തായത് കേരളത്തിനു തിരിച്ചടിയായി. മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലിനൊപ്പം സച്ചിൻ ബേബി ക്രീസിലുറച്ചു. 47 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ രോഹൻ മടങ്ങി. ഫിഫ്റ്റിക്ക് വെറും 4 റൺസ് അകലെയാണ് താരം പുറത്തായത്. പിന്നീട് സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന 62 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിൻ്റെ വിജയം ഉറപ്പിക്കുകയായിരുന്നു. വേഗത്തിൽ സ്കോർ ചെയ്ത വിഷ്ണു 28 പന്തിൽ 32 റൺസെടുത്ത് പുറത്തായി. സച്ചിൻ ബേബിക്കൊപ്പം വിനൂപ് മനോഹരൻ (5) പുറത്താവാതെ നിന്നു.
Story Highlights : kerala won chandigarh vijay hazare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here