സൈനികരുടെ മൃതദേഹം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചു; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അന്ത്യാഞ്ജലിയർപ്പിക്കും

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിംഗ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരിൽ നിന്ന് കൊണ്ടുവന്നത്.
ധീരസൈനികര്‍ക്ക് അൽപ്പസമയത്തിനകം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ അന്ത്യാഞ്ജലിയർപ്പിക്കും . രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കര- വ്യോമ- നാവിക സേനാ തലവൻമാരും അൽപ്പ സമയത്തിനുള്ളിൽ വിമാനത്താവളത്തിലെത്തും. രാജ്യത്തിന്റെ മൂന്ന് സൈനിക തലവൻമാരും ധീര ജവാൻമാർക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. ഇതോടൊപ്പം ശ്രിലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേർന്നിട്ടുണ്ട്.
അതേസമയം സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ നിരവധി പേർ ആദരാജ്ഞലികളർപ്പിച്ചു. കോയമ്പത്തൂർ സേലം ഹൈവേയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. അതേസമയം അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
Read Also : വീര സൈനികർക്ക് സല്യൂട്ട്; പരേഡ് ഗ്രൗണ്ടിൽ പൊതുദർശനം തുടങ്ങി
ഇതിനിടെ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേന അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
Story Highlights : Bodies of CDS Rawat, wife & others reach Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here