Advertisement

“ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”; തമിഴ്‌നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം

December 16, 2021
Google News 1 minute Read

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച നാട്ടുകാരോട് നന്ദി അറിയിച്ച് ഇന്ത്യൻ സൈന്യം. ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയാണ് നിങ്ങൾ പ്രവർത്തിച്ചതെന്നും സൈന്യം പറഞ്ഞു. ഇതിനുള്ള ആദരസൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായും കരസേന പ്രഖ്യാപിച്ചിരുന്നു. ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും ഗ്രാമത്തിലേക്ക് അയക്കുമെന്നും സൈന്യം വ്യക്തമാക്കി. മാത്രവുമല്ല കൂടുതൽ ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിച്ചു.

“അപകട സ്ഥലത്ത് ആദ്യം എത്തിയത് ഗ്രാമവാസികളാണ്. എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും അവർ മുന്നിൽ തന്നെ നിന്നു. തീ അണയ്ക്കുന്നതിനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും നിങ്ങൾ മുന്നോട്ട് വന്നു.” രക്ഷാപ്രവർത്തനത്തിൽ പങ്കുവഹിച്ച തമിഴ്‌നാട് സർക്കാരിനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർക്കും ലെഫ്റ്റനന്റ് ജനറൽ നന്ദി പറഞ്ഞു.

Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…

അപകട വിവരം ആദ്യം അറിയിച്ച രണ്ട് പേർക്ക് 5000 രൂപ വീതവും ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവയും സൈന്യം വിതരണം ചെയ്തു. അതിനിടെ, നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തും നൽകി.

Story Highlights : army adopt conoor village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here