ആഷസ് ടെസ്റ്റിനിടെ റിക്കി പോണ്ടിംഗിന്റെ ജന്മദിനാഘോഷം; വയസിനെ ‘കുത്തി’ സഹ കമന്റേറ്റർ

ആഷസ് പരമ്പരക്കിടെ പിറന്നാൾ ആഘോഷിച്ച് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. മൂന്നാം ദിനം കളി അവസാനിച്ചതിനു ശേഷമാണ് പോണ്ടിംഗ് സഹ കമൻ്റേറ്റർമാർക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്. 47ആം പിറന്നാൾ ആഘോഷിച്ച പോണ്ടിംഗ് ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലകനാണ്.
മറ്റൊരു കമൻ്റേറ്ററോടൊപ്പം ഗ്രൗണ്ടിൽ നിന്ന് കളി വിശകലനം ചെയ്യുകയായിരുന്ന പോണ്ടിംഗിൻ്റെ അടുത്തേക്ക് കേക്കുമായി മറ്റുള്ളവർ എത്തുകയായിരുന്നു. മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ അടക്കമുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു. പോണ്ടിംഗിന് സംഘം ജന്മദിനാശംസകൾ നേർന്നു. 50 വയസ്സാവാൻ മൂന്ന് വർഷം കൂടിയേ ഉള്ളൂ എന്ന് പരിഹസിച്ച കമൻ്റേറ്റർക്ക് നിങ്ങളെക്കാൾ 7 കുറവാണ് തനിക്കെന്ന് മറുപടി നൽകാനും പോണ്ടിംഗ് മറന്നില്ല.
മത്സരത്തിൽ ഇംഗ്ലണ്ടിന് പടുകൂറ്റൻ വിജയലക്ഷ്യമാണ് ഉള്ളത്. 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഒരു ദിനം പൂർണമായും അവശേഷിക്കെ സമനില നേടുക പോലും ഇംഗ്ലണ്ടിന് അപ്രാപ്യമാവും. രണ്ടാം ഇന്നിംഗ്സിൽ ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, റോറി ബേൺസ് എന്നിവരാണ് പുറത്തായി. ഓസ്ട്രേലിയക്കായി ഝൈ റിച്ചാർഡ്സൺ രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 230 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ലബുഷെയ്നും ട്രാവിസ് ഹെഡും 51 റൺസ് വീതം നേടിയപ്പോൾ കാമറൂൺ ഗ്രീൻ 33 റൺസ് നേടി പുറത്താവാതെ നിന്നു. 237 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗിൽ ഇറങ്ങിയ ഓസ്ട്രേലിയ ഇതോടെ ലീഡ് 467 ആക്കി ഉയർത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here