ജോസ് ബട്‌ലറിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; ഓസ്ട്രേലിയക്ക് 275 റൺസ് വിജയം

ആഷസ് പരമ്പരയുടെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ ജയം. 275 റൺസിനാണ് ഓസ്ട്രേലിയയുടെ ജയം. ഇതോടെ പരമ്പരയിൽ ഓസ്ട്രേലിയ 2-0നു മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഝൈ റിച്ചാർഡ്സൺ ആണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. 207 പന്തുകൾ നീണ്ട ജോസ് ബട്‌ലറുടെ ഒറ്റയാൾ പോരാട്ടവും മറികടന്നാണ് അവസാന സെഷനിൽ ഓസ്ട്രേലിയ വിജയിച്ചത്. (australia won ashes england)
468 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്നലെത്തന്നെ 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് അവസാന ദിവസം ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. ചെറുത്തുനില്പുകളില്ലാതെ ഒലി പോപ്പ് (4) വേഗം മടങ്ങിയപ്പോൾ ബെൻ സ്റ്റോക്സും ജോസ് ബട്‌ലറും ചേർന്ന് രക്ഷാപ്രവർത്തിനു ശ്രമമാരംഭിച്ചു. എന്നാൽ, 77 പന്തുകളിൽ 12 റൺസെടുത്ത ബട്‌ലറെ ലിയോൺ മടക്കിയത് വീണ്ടും ഓസ്ട്രേലിയക്ക് മേൽക്കൈ നൽകി. ഏഴാം വിക്കറ്റിൽ 61 റൺസ് കൂട്ടുകെട്ടുയർത്തിയ ബട്‌ലർ-വോക്സ് സഖ്യം ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 44 റൺസെടുത്ത വോക്സ് ഝൈ റിച്ചാർഡ്സണിൻ്റെ മൂന്നാം ഇരയായി മടങ്ങിയതോടെ ഇംഗ്ലണ്ട് തകർന്നു. ഒലി റോബിൻസൺ (8) വേഗം മടങ്ങി. ചെറുത്തുനിന്ന ബട്‌ലർ (26) ഹിറ്റ് വിക്കറ്റായി മടങ്ങിയത് ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷയ്ക്ക് മേലുള്ള അവസാന ആണിയായിരുന്നു. ആൻഡേഴ്സൺ (2) വേഗം മടങ്ങിയതോടെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം.
Read Also : ആഷസ് ടെസ്റ്റിനിടെ റിക്കി പോണ്ടിംഗിന്റെ ജന്മദിനാഘോഷം; വയസിനെ ‘കുത്തി’ സഹ കമന്റേറ്റർ
രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 230 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ലബുഷെയ്നും ട്രാവിസ് ഹെഡും 51 റൺസ് വീതം നേടിയപ്പോൾ കാമറൂൺ ഗ്രീൻ 33 റൺസ് നേടി പുറത്താവാതെ നിന്നു. 237 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗിൽ ഇറങ്ങിയ ഓസ്ട്രേലിയ ഇതോടെ ലീഡ് 467 ആക്കി ഉയർത്തി.
മറുപടി ബാറ്റിംഗിൽ ഹസീബ് ഹമീദ് (0) വേഗം മടങ്ങിയെങ്കിലും ഡേവിഡ് മലാനും റോറി ബേൺസും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ മലാൻ (20) നെസറിനു മുന്നിൽ വീണു. തുടർന്ന് ക്യാപ്റ്റൻ ജോ റൂട്ടും റോറി ബേൺസും ചേർന്ന് വീണ്ടും ഒരു കൂട്ടുകെട്ടുയർത്തി. എന്നാൽ, ബേൺസും (34), അവസാന പന്തിൽ റൂട്ടും (24) മടങ്ങിയതോടെ ഇംഗ്ലണ്ട് ബാക്ക്ഫൂട്ടിലാണ് നാലാം ദിനം അവസാനിച്ചത്.
Story Highlights : australia won 2nd ashes england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here