‘വ്യത്യസ്തമായ വ്യക്തിത്വം’; പി.ടി തോമസിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

പി.ടി തോമസ് എംഎല്‍എയുടെ വിയോഗത്തില്‍ അനുസ്മരണം അറിയിച്ച് നേതാക്കള്‍. വിട വാങ്ങിയത് പ്രായത്തിനപ്പുറം പാര്‍ട്ടിക്കകത്തും പുറത്തും വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
‘പി.ടിയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമുള്ളതാണ്. ഇക്കഴിഞ്ഞ നിയമസഭയുടെ ആദ്യപകുതിയോളം അസുഖങ്ങളൊന്നും അലട്ടാതെ സജീവമായി നിന്ന വ്യക്തിയായിരുന്നു അദ്ദേഹം. വാസ്തവത്തില്‍ അവിശ്വസനീയമാണ് ഈ വിയോഗം.
കുറിക്കുകൊള്ളുന്ന വാക്കുകള്‍ പറയേണ്ടിടത്ത് തുറന്നുപറയും. പരിസ്ഥിതി പ്രശ്‌നമോ, ആരോപണങ്ങളോ, എന്താണെങ്കിലും അത് കൃത്യമായി അവതരിപ്പിക്കുന്ന വ്യക്തിയാണ്. സീനിയോറിറ്റിക്കും പ്രായത്തിനുമപ്പുറം യുവജനങ്ങളെപ്പോലെ ഓടിനടന്ന് ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചയാളാണ് പി.ടി. ആ വേര്‍പാട് വലിയ നഷ്ടമാണ്. പാര്‍ട്ടിക്കും കുടുംബത്തിനും ഒപ്പം പൊതുജനങ്ങള്‍ക്കാകെ തീരാനഷ്ടമാണ്. ആ ദുഖത്തില്‍ പങ്കുചേരുന്നു. ഒന്നും മനസില്‍ വയ്ക്കാതെ കൃത്യമായി അദ്ദേഹം നിലപാടുകള്‍ തുറന്നുപറയാറുണ്ട്. വായിച്ചും പഠിച്ചും കാര്യങ്ങള്‍ മനസിലാക്കിമാത്രമാണ് ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ വ്യക്തിത്വമാണ് വിട്ടുപിരിഞ്ഞത്’. പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ‘നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ’; പി.ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
വിടവാങ്ങിയത് ജ്യേഷ്ഠ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ തീരാനഷ്ടമാണ് പി.ടിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. അപ്രതീക്ഷിത വിയോഗമെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Story Highlights : pt thomas, pk kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here