ദക്ഷിണാഫ്രിക്ക-ഇന്ത്യ ടെസ്റ്റ് രണ്ടാം ദിനം മഴ മുടക്കി

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിവസം മഴ മുടക്കി. ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു. 122 റൺസ് നേടി പുറത്താവാതെ നിൽക്കുന ഓപ്പണർ കെഎൽ രാഹുലാണ് ഇന്ത്യൻ ഇന്നിംഗ്സിനു ചുക്കാൻ പിടിച്ചത്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ലുനിസാനി എങ്കിഡിയാണ്. (south africa india test)
ഗംഭീര തുടക്കമാണ് കെഎൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ സഖ്യം 117 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായി. 60 റൺസെടുത്ത അഗർവാളിനെ പുറത്താക്കിയ ലുങ്കിസാനി എങ്കിഡിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. തൊട്ടടുത്ത പന്തിൽ ചേതേശ്വർ പൂജാര (0) ഗോൾഡൻ ഡക്കായി.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലി രാഹുലിനൊപ്പം ചേർന്നു. മെല്ലെയെങ്കിലും സ്കോർ ഉയർത്തിയ സഖ്യം 82 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 റൺസ് നേടിയ കോലിയെ പുറത്താക്കിയ എങ്കിഡി തന്നെയാണ് വീണും ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തിയത്. ഓഫ് സ്റ്റമ്പിനു പുറത്തുകൂടി പോകുന്ന പന്തിൽ ബാറ്റ് വച്ച കോലി സ്ലിപ്പിൽ പിടികൊടുത്ത് മടങ്ങുകയായിരുന്നു.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ-രഹാനെ സഖ്യവും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ രഹുൽ സെഞ്ചുറിയിലെത്തി. ബൗണ്ടറി ഷോട്ടുകളുമായി ബാറ്റിംഗ് ആരംഭിച്ച രഹാനെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. സെഞ്ചുറിക്ക് പിന്നാലെ രാഹുലും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയതോടെ റൺ നിരക്കുയർത്താനും ഇന്ത്യക്ക് സാധിച്ചു. രാഹുൽ-രഹാനെ സഖ്യം നാലാം വിക്കറ്റിൽ അപരാജിതമായ 73 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയിരിക്കുന്നത്. രാഹുലിനൊപ്പം രഹാനെയും (40) ക്രീസിൽ തുടരുകയാണ്.
Story Highlights : south africa india test 2nd day washed off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here