‘മാർവലോ ഡിസിയോ സഹകരിക്കും’; മിന്നൽ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകൻ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാർവൽ സ്റ്റുഡിയോസോ ഡിസി കോമിക്സോ മിന്നൽ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കട് പ്രഭു രംഗത്തെത്തിയത്. (venkat prabhu minnal murali)
‘മിന്നൽ മുരളി! നിങ്ങളെ നമിക്കുന്നു. എത്ര ഗംഭീരമായ ലോക്കൽ സൂപ്പർ ഹീറോ സിനിമ! ഗുരു സോമസുന്ദരം, നിങ്ങൾ വേറെ ലെവൽ. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്‌സോ ഉടൻ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മിന്നൽ മുരളി അഭിമാനമാണ്’- വെങ്കിട്ട് പ്രഭു ട്വീറ്റ് ചെയ്തു.
മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പോൾ പ്രതികരിച്ചു.
Read Also : മിന്നൽ മുരളി രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കും: നിർമാതാവ് സോഫിയ പോൾ
സൂപ്പർ ഹീറോ സിനിമയായി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മിന്നലടിച്ച് ഒരു തയ്യൽക്കാരന് അമാനുഷിക ശക്തി ലഭിക്കുന്നതും അതേ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Story Highlights : venkat prabhu praises minnal murali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here