55 റൺസിനിടെ നഷ്ടപ്പെട്ടത് ഏഴ് വിക്കറ്റുകൾ; ഇന്ത്യ 327ന് ഓൾഔട്ട്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിൽ നിന്ന് ഇന്ത്യ 327 റൺസിന് ഓൾഔട്ടായി. ആദ്യ ദിവസത്തെ സ്കോറിനോട് 55 റൺസ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേർക്കാനായുള്ളൂ. 6 വിക്കറ്റ് വീഴ്ത്തിയ ലുങ്കിസാനി എങ്കിഡിയാണ് ഇന്ത്യയെ തകർത്തത്. ഓപ്പണർ കെഎൽ രാഹുൽ 123 റൺസെടുത്ത് ഇന്ത്യയുടെ ടോപ്പ് സ്കോററായി. മായൻ അഗർവാൾ (60), അജിങ്ക്യ രഹാനെ (48), വിരാട് കോലി (35) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ഇന്ത്യൻ നിരയിൽ 6 പേർ ഒറ്റയക്കത്തിനു പുറത്തായി.
ആദ്യ ദിവസത്തെ സ്കോറിനോട് 6 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. ഏറെ വൈകാതെ രഹാനെയും മടങ്ങി. പിന്നീട് ഒരു തകർച്ചയായിരുന്നു. ഋഷഭ് പന്ത് (8), ആർ അശ്വിൻ (4), ശർദ്ദുൽ താക്കൂർ (4), മുഹമ്മദ് ഷമി (8), ജസ്പ്രീത് ബുംറ (14) എന്നിവർ വേഗം പുറത്തായി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ഡീൻ എൽഗറിനെ (1) ബുംറ ആദ്യ ഓവറിൽ തന്നെ മടക്കിയെങ്കിലും എയ്ഡൻ മാർക്രം-കീഗൻ പീറ്റേഴ്സൺ കൂട്ടുകെട്ട് ക്രീസിൽ ഉറച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്. മാർക്രം (9), പീറ്റേഴ്സൺ (11) എന്നിവർ ക്രീസിൽ തുടരുകയാണ്.
ടെസ്റ്റിൻ്റെ രണ്ടാം ദിവസം മഴ മുടക്കിയിരുന്നു. ഇന്നലെ ഒരു പന്ത് പോലും എറിയാനായില്ല.
Story Highlights : india allout 327 south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here