Advertisement

ആ ട്വീറ്റിനു ശേഷം ഇംഗ്ലണ്ട് 100നു താഴെ പുറത്തായത് 4 തവണ; മൈക്കൽ വോണിനെ ട്രോളി വസീം ജാഫറും

December 28, 2021
Google News 3 minutes Read
michael vaughan tweet troll

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് പുറത്തായത് വെറും 68 റൺസിനായിരുന്നു. ഇന്നിംഗ്സിൻ്റെയും 14 റൺസിൻ്റെയും ജയത്തോടെ ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി. ദയനീയമായി കീഴടങ്ങിയത് ഇംഗ്ലണ്ട് ആണെങ്കിലും പിറന്ന ട്രോളുകളിൽ കൂടുതലും ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോണിനായിരുന്നു. ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിനിടെ വോൺ ചെയ്ത ഒരു ട്വീറ്റാണ് ട്രോളുകൾക്ക് കാരണമായത്. (michael vaughan tweet troll)

ചരിത്രം രേഖപ്പെടുത്തിയ ആ ട്വീറ്റ്

2019ൽ നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിലെ നാലാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ ആയിരുന്നു. ട്രെൻ്റ് ബോൾട്ട് സംഹാരഭാവം പൂണ്ടപ്പോൾ ഇന്ത്യ വെറും 92 റൺസിനു പുറത്തായി. 18 റൺസെടുത്ത യുസ്‌വേന്ദ്ര ചഹാൽ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. മത്സരം 8 വിക്കറ്റിന് ന്യൂസീലൻഡ് സ്വന്തമാക്കി. ഈ മത്സരത്തിനു പിന്നാലെയായിരുന്നു വോണിൻ്റെ ട്വീറ്റ്. ‘ഇക്കാലത്ത് 100നു താഴെ ഏതെങ്കിലും ടീം ഓൾഔട്ടാവുമെന്നത് വിശ്വസിക്കാനാവുന്നില്ല’ എന്നായിരുന്നു 2019 ജനുവരി 31നു ചെയ്ത ചരിത്രപ്രസിദ്ധമായ ആ ട്വീറ്റ്.

കർമഫലം പിള്ളേരുകളിയല്ല

കാലചക്രം ഉരുണ്ടു. വോണിൻ്റെ ട്വീറ്റ് ബൂമറാങ് പോലെ തിരികെവന്ന് അയാളുടെ തലക്കിടിച്ചു. 2019 ജൂലൈ 24. അയർലൻഡിനെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് പുറത്തായത് വെറും 85 റൺസിന്. സ്ട്രൈക്ക് വൺ. രണ്ടാം ഇന്നിംസ്ഗിൽ 303 റൺസെടുത്ത്, അയർലൻഡിനെ 38 റൺസിനു പുറത്താക്കി ഇംഗ്ലണ്ട് കളി ജയിച്ചെങ്കിലും വോൺ ‘എയറി’ലായിരുന്നു. കാലചക്രം പിന്നെയും ഉരുണ്ടു. 2019 ഓഗസ്റ്റ് 22 ആഷസ് പരമ്പരയിലെ മൂന്നാം മത്സരം. ലീഡ്സിൽ നടന്ന ആഷസ് മത്സരം ബെൻ സ്റ്റോക്സ് ഇന്നിംഗ്സ് കൊണ്ടാണ് പ്രശസ്തമായത്. 135 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനു സമ്മാനിച്ചത് ഒരു റൺ ജയം. പക്ഷേ, ആദ്യ ഇന്നിംഗ്സിൽ അവർ 67 റൺസിന് ഓൾഔട്ടായിരുന്നു. സ്ട്രൈക്ക് ടു. വോൺ വീണ്ടും എയറിൽ. കാലചക്രം കുറച്ച് കൂടുതൽ കറങ്ങി. വർഷം രണ്ട് കഴിഞ്ഞു. 2021 ഫെബ്രുവരി 24. ഇത്തവണ കർമഫലത്തിനുള്ള അവസരം ഇന്ത്യക്ക് തന്നെ കിട്ടി. അഹ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 112നും രണ്ടാം ഇന്നിംഗ്സിൽ 81നും പുറത്ത്. സ്ട്രൈക്ക് ത്രീ. ഇന്ത്യ പത്ത് വിക്കറ്റിനു വിജയിച്ചു. വോൺ പിന്നെയും എയറിയാലെന്ന് പറയേണ്ട കാര്യമില്ലല്ലോ. നാലാമത്തെ സംഭവം ആദ്യം പറഞ്ഞത് തന്നെ.

Read Also : ആഷസ് പരമ്പര ഓസ്‌ട്രേലിയയ്ക്ക്

ട്രോൾ സിംഹം വസീം ജാഫർ

മുൻ ഇന്ത്യൻ ക്രിക്കറ്റർ വസീം ജാഫർ ക്രിക്കറ്റർ ആയില്ലായിരുന്നു എങ്കിൽ ഒരു സ്റ്റാൻഡപ്പ് കൊമേഡിയൻ ആയേനെ. ചുരുങ്ങിയ പക്ഷം ഒരു ട്രോളനെങ്കിലുമായേനെ. അങ്ങനെയാണ് ജാഫറിൻ്റെ ട്വിറ്റർ ഹാൻഡിൽ. വോണിനു തന്നെ പലതവണ ജാഫർ വയറുനിറച്ച് കൊടുത്തിട്ടുണ്ട്. ഇന്ന് ഇംഗ്ലണ്ട് 68നു പുറത്തായപ്പോഴും (ഇംഗ്ലണ്ട് ഫാൻസ് ക്ഷമിക്കണം. കുത്തിപ്പറയുന്നതാണെന്ന് തോന്നാം. ശരിക്കും അങ്ങനെ തന്നെയാണ്) ജാഫറിൻ്റെ ട്വീറ്റ് വോണിനെ ഞോണ്ടിക്കൊണ്ടാണ്. ട്വീറ്റ് ചുവടെ.

ഉപസംഹാരം

അങ്ങനെ സംഹരിക്കാൻ ഒന്നുമില്ല. ട്വീറ്റ് ഒക്കെ ഇടുമ്പോൾ ശ്രദ്ധിക്കുക. എയറിലായാൽ ഒപ്പം ആരും കാണില്ല.

Story Highlights : michael vaughan tweet troll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here